ദേവകി അമ്മ മുറ്റത്തേക്ക് ഇറങ്ങി. മീര ഒരു ദീർഘനിശ്വാസം വിട്ടു. പക്ഷേ ഗേറ്റിനടുത്തേക്ക് എത്തിയ ദേവകി അമ്മ പെട്ടെന്ന് തിരിഞ്ഞു നിന്നു.
”ആഹ്.. മോളെ.. ഒരു കാര്യം പറയാൻ വിട്ടുപോയി.
മോൾ വരുന്നതിന് കുറച്ചു മുമ്പ് ഒരു ചെറുപ്പക്കാരൻ ആ ഗേറ്റിന്റെ അടുത്തു നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ ഉമ്മറത്ത് വന്ന് ഒന്ന് എത്തി നോക്കുമ്പോഴേക്കും അയാൾ പൊയ്ക്കളഞ്ഞു. ആരാണെന്ന് മനസ്സിലായില്ല.. നല്ല ഉയരമുള്ള ഒരാളായിരുന്നു.”
മീര ഒന്ന് ഞെട്ടി. അവളുടെ ശ്വാസം തൊണ്ടയിൽ കുടുങ്ങി.
“ആരാണെന്ന് കണ്ടില്ലേ അമ്മേ?”
”ഇല്ല മോളെ, മുഖം വ്യക്തമായില്ല. ഒരു കറുത്ത വണ്ടിയിലായിരുന്നു വന്നത്.
പിന്നെ ചെറിയ മഴയും ഉണ്ടായിരുന്നു..അതുകൊണ്ട് പോയിനോക്കാൻ എന്നെക്കൊണ്ട് പറ്റിയില്ല..”
ദേവകി അമ്മ നടന്നകന്നു.
മീര തളർന്ന് ഉമ്മറത്തെ പടികളിൽ ഇരുന്നു പോയി.
അത് അവൻ തന്നെയാകും!
നേരത്തെ സ്കൂളിൽ വെച്ച് കണ്ട, ആ കറുത്ത ഥാറിൽ പോയ അതേ യുവാവ്.
അയാൾ തന്റെ വീടിന് ചുറ്റും വട്ടമിടുകയാണ്.
താൻ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ് വരെ അവൻ ഇവിടെ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് അവളിൽ ഭയത്തോടൊപ്പം ഒരു തരം വല്ലാത്ത ഉൽക്കണ്ഠയും ഉണ്ടാക്കി.
തളർന്നു കിടക്കുന്ന അമ്മ പോലും സന്ദീപിന്റെ പേര് വിളിച്ചു ചോദിക്കുന്നുണ്ടെങ്കിൽ… ഇതിൽ എന്തോ ഒരു നിഗൂഢതയില്ലേ? സന്ദീപ് മരിച്ചിട്ടില്ലെന്ന് അവളുടെ ഹൃദയം മന്ത്രിക്കാൻ തുടങ്ങി.
