“എന്താ കണ്ണാ, എന്തിനാ അവിടേ തന്നെ നിന്നു കളഞ്ഞത്..?” എന്റെ മനസ്സ് വായിച്ചത് പോലെ മിസ്സ് നല്ല വിഷമത്തോടെ ചോദിച്ചു.
“ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു, ചേച്ചി.” അവർ രണ്ടുപേരെയും മാറിമാറി നോക്കി ഞാൻ പറഞ്ഞു.
“എന്താ കുട്ടാ ഇത്, നീ ഇങ്ങനെ പിണങ്ങി പോകുന്നത് ശെരിയല്ല.” ടീച്ചർ സങ്കടപ്പെട്ട് പുറത്തേക്കിറങ്ങി വന്ന് എന്റെ കൈയിൽ പിടിച്ചു. മിസ്സും പുറത്തേക്ക് വന്ന് എന്റെ അടുത്ത കൈയിലും പിടിച്ചു.
“അയ്യേ, ഞാൻ പിണങ്ങി ഒന്നുമല്ല പോകുന്നത്..,” ഞാൻ പെട്ടന്ന് ചിരിച്ചു. “എനിക്ക് ഈ മരുന്ന് ചെടികളെ കൊണ്ട് എന്റെ ഗ്രീന്‍ ഹൗസിൽ നട്ടു പിടിപ്പിക്കണം. പിന്നെ മറ്റ് സാധനങ്ങള്‍ ഒക്കെ ശെരിയായ രീതിക്ക് സ്റ്റോക്ക് ചെയ്യണം. അതുകഴിഞ്ഞ് മുടങ്ങി കിടക്കുന്ന എന്റെ യാത്ര ഞാൻ തുടങ്ങും. ഇന്ത്യയിലുള്ള കാടുകളിലും മലകളിലുമൊക്കെ പോകുന്ന യാത്ര. ചിലപ്പോ ഒരു മാസം കഴിഞ്ഞേ തിരിച്ച് വരികയുള്ളൂ.” ഞാൻ പറഞ്ഞു.
“അതിന് വെപ്രാളം പിടിച്ച് ഇപ്പൊ തന്നെ നിന്റെ വീട്ടിലേക്ക് പോയി അതൊക്കെ ചെയ്യണമെന്നില്ലലോ കണ്ണാ. രണ്ട് ദിവസം വരെ ആ ചെടികള്‍ ജീവനോടെ ഇരിക്കുമെന്ന് മിൺമിണി നിന്നോട് പറയുന്നത് ഞങ്ങൾ കേട്ടായിരുന്നലോ.” മിസ്സ് വിഷമത്തോടെ പറഞ്ഞു. “അതുകൊണ്ട് വൈകിട്ട് വരേയെങ്കിലും നീ ഇവിടെ കിടന്നുറങ്ങ് കണ്ണാ. അപ്പൊ നിന്റെ ക്ഷീണം കുറച്ചെങ്കിലും മാറി കിട്ടും. എന്നിട്ട് നീ പോയാൽ മതി.”
“ശരിയാവില്ല ചേച്ചി. ഈ ജോലിയൊക്കെ ഉള്ളപ്പോ എനിക്ക് ഉറങ്ങാൻ കഴിയില്ല. എനിക്ക് പോണം. അപ്പൊ നമുക്ക് പിന്നെ കാണാം.” ഞാൻ അവർ രണ്ടുപേരേയും നോക്കി തറപ്പിച്ച് പറഞ്ഞിട്ട് മെല്ലെ അവരുടെ പിടിയില്‍ നിന്നും എന്റെ കൈകൾ ഞാൻ വിടുവിച്ചു. എന്നിട്ട് വിഷമത്തോടെ അവർ നോക്കി നില്‍ക്കേ ഞാൻ എന്റെ വണ്ടിയില്‍ കേറി എന്റെ വീട്ടിലേക്ക് യാത്രയായി.
