വര്‍ഷങ്ങളായി ഞാൻ വെറും നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് ദിവസവും ഉറങ്ങിയിരുന്നത്, അതിനുള്ള സമയം മാത്രമേ കിട്ടിയിരുന്നുള്ളു. പൊതുവെ ഉച്ചക്ക് ഉറങ്ങാനും സമയം കിട്ടാറില്ല.
അങ്ങനെ വർഷങ്ങൾക്ക് ശേഷം കിട്ടിയ അവസരം മുതലാക്കി എന്റെ ശരീരത്തിനും മനസ്സിനും വേണ്ടത്ര റസ്റ്റ് കൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട എന്റെ തലച്ചോറ് പ്രതിഷേധിച്ചത് കൊണ്ട് തലയ്ക്ക് നല്ല വേദനയും ഭാരവും എടുക്കാൻ തുടങ്ങി…, കണ്ണുകൾ തുറന്നുപിടിച്ച് കടൽ വെള്ളത്തിൽ മുങ്ങിയത് പോലെ എന്റെ കണ്ണുകൾ ഘോരമായി നീറി പുകഞ്ഞു…, രോഷം, ഉല്‍ക്കൺഠ, മനഃക്ലേശം പെട്ടന്നുണ്ടായി എന്റെ സ്ട്രെസ്സ് ഹാർമോൺ വര്‍ധിച്ച് ഹൃദയമിടിപ്പ് വല്ലാതെ കൂടി. ഞാൻ ഇപ്പൊ എവിടെയാണെന്ന് പോലും പെട്ടന്ന് ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
ഇതൊക്കെ നന്നായി ഉറങ്ങിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു. അതുകൊണ്ട് ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ അടച്ചിരിക്കുന്ന എന്റെ കൺപോളയിൽ സൂചി പോലെ വെട്ടം തുളച്ച് കേറുന്നത് കൊണ്ട് എനിക്ക് പിന്നെയും ഉറങ്ങാൻ കഴിഞ്ഞില്ല.
ഞാൻ ചെരിഞ്ഞ് കിടക്കുകയാണെന്ന് മനസ്സിലായി. കുറെ നേരമായി ആരുടെയോ ശ്വാസം എന്റെ മുഖത്ത് തട്ടി കൊണ്ടിരിക്കുന്നത് പോലും ഇപ്പോഴാണ് എന്റെ തലച്ചോറ് ഗ്രഹിച്ച് സിഗ്നല്‍ തന്നത്. മറ്റൊരാളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ഞാൻ പെട്ടന്ന് കൊക്കയിൽ ഉരുണ്ടുവീണത് പോലെ ഞെട്ടി തെറിച്ചു. പക്ഷേ എന്റെ ഇടുപ്പിന് മുകളില്‍ ചുറ്റി കിടപ്പുണ്ടായിരുന്നത് ആരുടെയോ കൈ എന്നെ തിരികെ ബെഡ്ഡിലേക്ക് തന്നെ അമർത്തി കിടത്തി.
