ആനയും അണ്ണാനും
Aanayum annanum | Author : Jumailath
കോളേജിലെ ലാസ്റ്റ് ഡേയാണ് ഇന്ന്. സീനിയേർസിനെ ഫെയർവെൽ പാർട്ടി നടത്തി പറഞ്ഞു വിടുന്നത് ജൂനിയേർസിൻ്റെ ജന്മാവകാശമായതുകൊണ്ട് ആ കൂത്താട്ടമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. പയ്യൻസ് ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേന്ന് ഒക്കെ പറഞ്ഞ് സ്റ്റേജിൽ ഓരോ കോപ്രായങ്ങൾ കാണിക്കുന്നുണ്ട്.
സെക്കൻ്റ് ഇയർ കാരാണ് ഓഡിറ്റോറിയത്തിലും സ്റ്റേജിലും മുഴുവൻ. തേർഡ് യേർസ് ഉച്ച ആവുമ്പോഴേ വരൂ. രാവിലെ ഇൻക്യുബേഷൻ സെൻ്ററിൽ എന്തോ സിമ്പോസിയം. ഒക്കെ അവിടെയാണ്.
“വൈ ആർ യു ഔട്ട് ഹിയർ വെൻ യുവർ ഫ്രണ്ട്സ് ആർ ഓൺ ദ സ്റ്റേജ്? യു ഷുഡ് റെലിഷ് ദീസ് മൊമെൻ്റ്സ്. കൾച്ചറൽ ഇവൻ്റ് കോർഡിനേറ്ററൊക്കെയല്ലേ? എന്നിട്ട് ഇങ്ങനെ മാറി നടന്നാലെങ്ങനെയാ”?
ഡയറക്ടർ ഡോ. സത്യനിവേശ് ചാറ്റർജിയാണ്. കുട്ടികളോടൊക്കെ ഫ്രണ്ട്ലി ആയി പെരുമാറുന്ന ഒരു നല്ല മനുഷ്യനാണ് ഡോ.ചാറ്റർജി. കഴിഞ്ഞ മൂന്നു വർഷമായിട്ട് കോളേജിൻ്റെ ഡയറക്ടറാണ്. കോഴിക്കോടൻ സ്ലാങ്ങില് അത്യാവശ്യം നന്നായി മലയാളം സംസാരിക്കും. എന്നാലും മലയാളത്തിന് ഒരു ബംഗാളി ചുവയുണ്ട്.
“സോറി സർ. ഐയാം ലുക്കിങ് ഫോർ മൈ മദർ. തോട്ട് ഷി വുഡ് ബി ഇൻ ദ ഓഫീസ് സിൻസ് നോട്ട് ഇൻ ദ ലാബ്”
“ദെൻ കാരി ഓൺ മൈ ചൈൽഡ് ”
ചാറ്റർജി സെമിനാർ ഹാളിലേക്ക് പോയി. ഡയറക്ടർക്കെല്ലാവരും കുട്ടികളാണ്. നരച്ച് നല്ല പ്രായമുള്ള മനുഷ്യനാണ്. അവിടെയെങ്ങും അമ്മയെ കാണാഞ്ഞ് ഞാൻ ഓഡിറ്റോറിയത്തിലേക്ക് നടന്നു. ഓഡിറ്റോറിയത്തിൻ്റെ വാതിൽക്കൽ നിന്ന് ഉള്ളു മുഴുവൻ മൊത്തത്തിലൊന്ന് നോക്കി. പെട്ടെന്നാണ് പുറകീന്ന് മെലിഞ്ഞ ഒരു കൈ നീണ്ടു വന്നത്. നീഹയാണ്.