“എന്നാ വർഗീസ് ചേട്ടൻ ഞങ്ങളുടെ വണ്ടീടെ പിന്നാലെ പോന്നോ. കണ്ട സ്ഥിതിക്ക് നേരെ വീട്ടിലേക്ക് പോവാം”
“ഇല്ല മോളേ മാത്യൂവിനെ കൊണ്ട് വാഴക്കാട് പഞ്ചായത്തോഫീസിൽ പോവണം. ഇപ്പോ തന്നെ രണ്ടായില്ലേ. നാല് മണിക്ക് മുന്നേ ഓഫീസറെ കാണണം. അതിനാണേൽ അവിടത്തെ പ്രസിഡൻ്റ് ഒരു ഉണ്ണാക്കൻ കൂടെ വേണം. അപ്പോ ഞാനെന്നാ അങ്ങേരെ കാണാൻ നോക്കട്ടെ. വീട്ടിലേക്ക് പിന്നൊരിക്കൽ വരാം.അപ്പോ എല്ലാം പറഞ്ഞപോലെ”
വർഗീസ് ചേട്ടൻ തിരിച്ചുപോയി വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നിൽ നിന്ന് മാറ്റി കൈ വീശി കാണിച്ച് അങ്ങനെ അങ്ങ് പോയി.
ഞങ്ങളുടെ തറവാട് ബത്തേരിയിലാണ്. രേണുവിന് ഇവിടെ ജോലിയായപ്പോ കുറ്റിക്കാട്ടൂര് വീട് വാങ്ങി ഇങ്ങോട്ട് വന്നതാണ്. തറവാടും സ്ഥലവുമൊക്കെ വർഗീസ് ചേട്ടനാണ് ഇപ്പോ നോക്കുന്നത്. ഞങ്ങൾ ഇടക്ക് പോയി വീടൊക്കെ വൃത്തിയാക്കി പോരും. ഇതു പോലെ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ പറയും. മൂന്ന് നാല് കൊല്ലമായിട്ട് ഇതാണ് പതിവ്. പിന്നെ വർഗീസേട്ടൻ അവിടെത്തെ കോൺഗ്രസ് പാർട്ടിയുടെ ആരോ ഒക്കെയാണ്. തിരുവമ്പാടിയിൽ നിന്ന് പണ്ട് എം എൽ എ ഒക്കെ ആയിട്ടുമുണ്ട്.
“അപ്പോ അമ്മ കുട്ട്യേ നമ്മൾ ബത്തേരിക്ക് പോവേണ്ടി വരുമല്ലോ”
“എനിക്കാണേൽ ഏപ്രിൽ ഇരുപത്തിനാലിന് ഇടുക്കിയിൽ ഇവൻ്റിന് പോണം. ജംഷിയുണ്ടാവും. പറ്റുവാണേൽ നീഹയുടെ അടുത്തും ഒന്ന് കയറി ഒരാഴ്ച ഒക്കെ കഴിഞ്ഞേ ഇങ്ങെത്തൂ. നമുക്ക് അതിന് മുൻപ് ബത്തേരിയിൽ പോവാം. ഈയാഴ്ചയോ അടുത്ത ആഴ്ചയോ എങ്ങാനും പോയി വരാം”
“അപ്പോ അതാണ് കാര്യം. ഇടുക്കിയിൽ സാധാരണ രണ്ടും കൂടെ പോകാത്ത ഇവൻ്റിന് ഇപ്രാവശ്യം ബുദ്ധിമുട്ടി പോകുന്നത്. നീഹയെ കാണാൻ”