ബൈക്ക് പാർക്കിങ്ങിൽ കൊണ്ടു നിർത്തി ഞാൻ രേണുവിൻ്റെ അടുത്തേക്ക് ചെന്നു. രേണു ആരോടോ സംസാരിച്ച് നിൽക്കുന്നുണ്ട്. കളക്ടറാണ്. ഇയാൾക്ക് ഈ വൈകുന്നേരം വെറെ എന്തൊക്കെ ചെയ്യാം. ഇതു കാണാനെഴുന്നള്ളണ്ട വല്ല കാര്യവുമുണ്ടോ എന്ന് ഞാൻ മനസ്സിലോർത്തു.
കളക്ടർ എന്നെ കണ്ടു.
“ഓ താനോ”?
കളക്ടർ കൈപിടിച്ച് കുലുക്കി.ഒരാഴ്ച നീണ്ടു നിൽക്കുന്ന കോളേജിലെ കൾച്ചറൽ ഫെസ്റ്റിന് മാർച്ച് പതിനേഴിലെ അതിഥിയായി ക്ഷണിക്കാൻ ഞാനും നീഹയും പിന്നെ തേർഡ് യെർ ബാച്ചിലെ രണ്ടു ഉണ്ണാക്കന്മാരും കൂടെ കഴിഞ്ഞ മാസം ഇയാളെ കാണാൻ വന്നിരുന്നു. അന്നു കണ്ട പരിചയമാണ്.
“താൻ ഓഫ് റോഡ് ക്ലബ്ബിൻ്റെ ആളല്ലേ”
“കക്കയത്ത് ഓഫ് റോഡ് ട്രാക്കും ട്രക്കിങ്ങും പരിപാടിയുമൊക്കെ ടൂറിസം വകുപ്പ് ഒരുക്കുന്നുണ്ട്”
“യൂത്തിനെ ഉദ്ദേശിച്ചാണ്. മെയ് പതിമൂന്നിന്. നിർബന്ധമായും വരണം. നിങ്ങളൊക്കെയല്ലേ ഇതൊക്കെ പ്രമോട്ട് ചെയ്ത് വിജയിപ്പിക്കേണ്ടത്”
കളക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ വരാമെന്ന് പറഞ്ഞു. അല്ലെങ്കിലും ജംഷിക്ക് ഇൻവിറ്റേഷൻ കിട്ടിയതാണ്. പ്രോഗ്രാം തുടങ്ങാറായി.അയാൾ രേണുവിനെ ഒഫീഷ്യൽ ഗ്യാലറിയിൽ ഇരിക്കാൻ ക്ഷണിച്ചു.ഗ്യാലറിയും കോപ്പൊന്നുമില്ല. ഇതു പോലത്തെ പ്രമുഖർക്കിരിക്കാൻ ഒരു ഏരിയ മാറ്റി വെച്ചിട്ടുണ്ട്. അത്ര തന്നെ.
എനിക്കീ ഡാൻസൊന്നും ഇഷ്ടമില്ല. അതു കൊണ്ട് ബീച്ചിലൊക്കെ കറങ്ങി പരിപാടി കഴിയാനാവുമ്പോ വരാമെന്ന് രേണുവിനോട് പറഞ്ഞ് പുറത്തേക്കിറങ്ങി.പാർക്കിങ്ങിലെത്തി വണ്ടി സ്റ്റാർട്ടാക്കിയപ്പോഴാണ് കളക്ടറുടെ പെരുമാറ്റത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയത്.