വീണ്ടും തിരിച്ച് വന്ന് അവസാനത്തെ വരിയിലിരുന്നു. ഭരതനാട്യം ഒന്നും മനസ്സിലായില്ല. കുറേ നേരം നോക്കിയിരുന്നു. പിന്നെ ഇനിയിപ്പോ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ രേണു കൈകാര്യം ചെയ്തോളും എന്നും വിചാരിച്ച് എട്ട് മണിക്ക് പുറത്തെറങ്ങി. കുറച്ചു നേരം ബീച്ചിൽ പോയിരുന്നു.പിന്നെ ബീച്ച് റോഡ് മുഴുവൻ നടന്നു.നാലഞ്ച് കിലോമീറ്ററെങ്കിലും നടന്നു കാണും. പണ്ടാരടങ്ങാനായിട്ട് ഇപ്പോ കാലും വേദനിക്കുന്നുണ്ട്. ലോങ് നടത്തത്തിന് പറ്റിയതല്ല ഈ ലോഫേർസ്. കളക്ടറുടെ ഒലിപ്പിക്കലോർത്തിട്ടാണേൽ പെരുവിരലുതൊട്ട് തലമണ്ട വരെ ചൊറിഞ്ഞു കയറുന്നുമുണ്ട്. മണി ഒമ്പതായപ്പോൾ ഞാൻ ടൗൺ ഹാളിൽ ചെന്നു.
രേണുവരാൻ കാത്ത് നിന്നു. കളക്ടറും ഉണ്ട് കൂടെ. അയാളോട് റ്റാ റ്റാ പറഞ്ഞ് വരാൻ കുറച്ച് താമസിച്ചു. നേരെ റഹ്മത്ത് ഹോട്ടലിൽ പോയി ഞങ്ങള് രണ്ടും നല്ല കോഴിക്കോടൻ ബിരിയാണി തട്ടി. അത്താഴം കഴിച്ചാൽ അരക്കാതം നടക്കണം എന്ന പ്രമാണമനുസരിച്ച് ഗോതീശ്വരം ബീച്ചിലേക്ക് വെച്ചുപിടിച്ചു.
രേണുവിൻ്റെ ഒപ്പം നടക്കുകയാണെങ്കിലും മനസ്സിൽ കളക്ടറാണ്.
“എന്താടാ നീയൊന്നും മിണ്ടാത്തെ”?
“കളക്ടറെ കണ്ടപ്പോ തൊട്ട് തുടങ്ങിയതാണല്ലോ. മുഖമൊക്കെ മാറിയിട്ടുണ്ടല്ലോ”
“അന്ന് ഇവൻറിന് പോകാൻ പറ്റാത്തതു കൊണ്ടാണോ”?
“അത് സാരമില്ല കണ്ണാ. കണ്ടപ്പോ എന്തേങ്കിലുമൊക്കെ പറയണ്ടേ. ആ പേരിനൊരു ക്ഷണമാണെന്ന് കരുതിയാൽ മതി”
“കക്കയത്ത് ഓഫ് റോഡ്. കോപ്പാണ്. ടൂറിസം ഡിപ്പാർട്ട്മെൻ്റ് കുറേക്കാലായി ഉണ്ടാക്കാൻ തുടങ്ങിട്ട്”
“നാട്ടുകാരോ റൈഡേഴ്സോ വ്യൂ പോയിൻ്റ് വരെ കയറുന്നല്ലാതെ ഇവര് കൊറെ ഉണ്ടാക്കി”