“ഇനി നാല് മണി ആകാതെ കാണൂല”
“ന്നാ ഞാനൊന്ന് വിളിച്ചു നോക്കട്ടെ”
ജംഷീറിൻ്റെ ഏട്ടനാണ് മാനുക്ക എന്ന് ഞങ്ങൾ വിളിക്കുന്ന മൻസൂർ അലി. മലപ്പുറത്ത് വണ്ടി മോഡിഫൈ ചെയ്യുന്ന അലീസ് ഗാരേജ് എന്നൊരു സ്ഥാപനം നടത്തുകയാണ്. സൈഡായി വണ്ടി കച്ചവടവുമുണ്ട്. റിയൽ എസ്റ്റേറ്റുമൊക്കെയായി വേറേം പല പരിപാടികളുണ്ട്. ജംഷീറിനെ പോലെ തന്നെയാണ് കാണാൻ. അഞ്ചാറ് മാസായിട്ട് ട്രോയിലെ ബ്രാഡ് പിറ്റിനേപോലെ മുടി ഒക്കെ നീട്ടി ട്രിം ചെയ്ത താടിയും കുറ്റിമീശയുമൊക്കെയായി കൊടൂര ലുക്കിലാണ് ആള് നടക്കുന്നത്. ഷഹാനക്ക് അതായിരിക്കും ഇഷ്ടം.
അഞ്ച് മിനിറ്റിനുള്ളിൽ ഷംസാദ് വന്നു.
“എന്താപാട്”?
“ഇങ്ങള് രണ്ടും കൂടി കക്കാടംപൊയില് എന്തൊലത്തേന്നു”?
“അതിന് മാത്രം എന്താണ്ടായേ”
“ഫ്രൻ്റ്ലെ ലീഫ് സ്പ്രിങ്ങിൻ്റെ റിയർ ബോൾട്ട് മാറ്റണം. ലിങ്കേജ് റീപ്ലേസ് ചെയ്യണം. സിലിൻഡർ പുതിയത് വേണം. ആക്സിലിൻ്റെ പുറത്തെ ഹബ് ചളുങ്ങി കേറിയിട്ടുണ്ട്”
ഷംസാദ് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി.
“ഞങ്ങളൊരു ചോലയിൽ ചാടി. വളച്ചിട്ട് കിട്ടിയില്ല.ഫ്രൻഡ് ആക്സിൽ പാറയിൽ ഇടിച്ചു കേറിയാ നിന്നത്”
“അതേതായാലും നന്നായി. ബോഡിക്കൊന്നും ഒരു പോറലു പോലുമില്ല. എങ്ങനെ പറ്റിച്ചെടാ അത്”?
ഷംസാദ് ഞങ്ങളെ ഡ്രൈവിങ് സ്കില്ലിനെ പുകഴ്ത്തി.
“കണ്ണാ കമ്പനി വണ്ടി ഇറക്കുന്നത് നിർത്തിയിട്ട് കാലം കൊറേയായി.പാർട്സ് കിട്ടാനെളുപ്പല്ല. ലീഫ്സ്പ്രിങ്ങൊക്കെ എങ്ങനേലും ഒപ്പിക്കാം. ട്രാൻസ്ഫർ കേസിലെ പല്ല് തേഞ്ഞിട്ടുണ്ട്. ഫ്രൻഡ് ആക്സിലും സ്റ്റിയറിങ് റോഡും മാറ്റണം. സസ്പെൻഷൻ മൊത്തം പണിയേണ്ടി വരും”