ഞങ്ങൾ കോടഞ്ചേരി കഴിഞ്ഞു.
“സംസാരിക്കാനുള്ളതൊക്കെ സംസാരിച്ച് തീർന്നാൽ നമ്മളെന്താ ചെയ്യാ രേണു”?
” ഞാൻ എൻ്റെ കണ്ണനെ നോക്കിയിരിക്കും. ഒന്നും മിണ്ടാതെ കംപ്ലീറ്റ് സൈലൻസിൽ മണിക്കൂറുകളോളം നോക്കിയിരിക്കും. എന്നാലും എനിക്ക് സന്തോഷം തന്നെയാവും”
“അന്തരീക്ഷം കണ്ടില്ലേ കണ്ണാ. ദൂരെ മലനിരകൾ.വൈകുന്നേരമായി. പാടവും കവുങ്ങിൻ തോട്ടവും. എവിടെ നോക്കിയാലും പച്ചപ്പ്. എന്തൊക്കെയോ ഓർമ്മ വരുന്നുണ്ട് കണ്ണാ. ഇത് പോലത്തെ സ്ഥലങ്ങൾ ഒക്കെ മുന്നെ കണ്ടിട്ടുള്ള പോലെ.ജീവിച്ചിട്ടുള്ള പോലെ”
“വയനാട്ടിൽ ജീവിച്ചതുകൊണ്ടാവും. മേപ്പാടി അമ്പലവയൽ ഒക്കെ പോലെ തന്നെയല്ലേ കോടഞ്ചേരി”?
………..തൂമി അമി കാചാകചി അചി ബോലേ എ ജിബോൺ ഹോയേചെ മോദു മോയ്…….
“എവിടുന്ന കണ്ണാ ആ പാട്ടുകേൾക്കുന്നത്?സെൻ്റ് ആൻ്റണീസിലെ കുട്ടികളാണല്ലോ കൈ കാണിക്കുന്നത്. സമയം അഞ്ചേ അൻപത് ആയല്ലോ. ഇവരെന്താ ഇത്രയും നേരായിട്ടും വീട്ടിൽ പോവാത്തത്?
“ചിലപ്പോ ലാസ്റ്റ് ഡേ ആയിട്ടാകും. എസ് എസ് എൽ സി എക്സാം അല്ലേ. തീർന്നിട്ട് ആഘോഷിക്കാൻ നിന്നതാവും.”
മുന്നിൽ ഒരു ഓട്ടോ നിന്നു തിത്തെയ് കളിക്കാണ്. അതീന്നാണ് ഈ പാട്ട്. ഹൈസ്കൂളിലെ മൂന്ന് നാല് ആൺകുട്ടികൾ പോവുന്ന വണ്ടിക്കെല്ലാം കൈ കാണിക്കുന്നുണ്ട്.
പാട്ടും സെൻ്റ് ആൻ്റണീസിലെ കുട്ടികളെയും കണ്ടപ്പോ എൻ്റെ മനസ്സിലേക്ക് പഴയ ഓർമ്മകൾ ഒന്നായിട്ട് ഇരച്ച് കയറി വന്നു.
കാർത്തിക. പത്തിലും പ്ലസ് ടുവിലും ഒപ്പം പഠിച്ചതാണ്. ഓരോ കാര്യങ്ങൾ പറയാൻ ആകെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരി. പഴശ്ശിരാജാ കോളേജിൽ തേർഡ് യെർ ആണ്. ഈ വർഷത്തോടെ കോഴ്സ് കഴിഞ്ഞിട്ടുണ്ടാവും. അവളെയും ഒന്നു കാണണം. നേരത്തേ രേണുവിനുണ്ടായ പോലെ എന്തൊക്കെയോ ഓർമ്മകൾ മനസ്സിനെ മഥിക്കുന്നു.