“ഇതു പോലത്തെ സ്ഥലങ്ങൾ ബംഗാളിലുണ്ട്.ഐ ഐ ടി യിലായിരുന്നപ്പോ ഒഴിവുള്ള ദിവസം പുറത്തൊക്കെ പോവുമായിരുന്നു. ഇതു പോലത്തെ റിസർവ് ഫോറസ്റ്റും പുഴയുമൊക്കെ ഉണ്ട് അവിടെ”
രേണു പുറത്തേക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ചിരുന്നു. വണ്ടി ഏലിയാമ്മച്ചേടത്തിയുടെ വീടിനടുത്തെത്തി. അവര് വീട്ടിലില്ല. കുറച്ച് ദൂരെ ആരോ മരിച്ചിട്ടുണ്ട്. അവിടെ പോയതാണ്.ഏഴു ഏഴര ഒക്കെ ആയപ്പോ ചേടത്തി വന്നു. അതു വരെ ഞാനും രേണുവും കണ കുണ പറഞ്ഞിരുന്നു.പിന്നെ പതിവ് കുശലാന്വേഷണവും കാര്യങ്ങളും.
”ജോസഫ് ചേട്ടൻ എവിടെ ചേടത്തി”?
“അങ്ങേര് വാഴതോട്ടത്തിൽ കാവല് കെടക്കാൻ പോയതാ”
”വാഴ തോട്ടത്തിലോ”?
”ഇവിടത്തെ അതിയാനും മൂന്നാല് പേരും കൂടെ കുളത്തിൻ്റെ അക്കരെയുള്ള പാടം പാട്ടത്തിനെടുത്ത് കുറച്ച് വാഴ നട്ടു. ഇപ്പോ ആണെങ്കി ഭയങ്കര ആനശല്യം. അതാ”
“ചേടത്തി ഇരിക്കാൻ സമയമില്ല. ബത്തേരിയിലെത്തെണ്ടേ”
“സമയം ആണെങ്കി എട്ടുമണിയാവേം ചെയ്തു”
“നിക്കെടാ കണ്ണാ. ഞാൻ കുറച്ച് സാധനങ്ങൾ എടുത്തിട്ട് വരാം”
വാഴയില വാട്ടി ഏലിയാമ്മ ചേടത്തി കുറച്ചു ഇറച്ചി പൊതിഞ്ഞ് തന്നു.
“ഇച്ചരെ മയിലെറച്ചിയാ കണ്ണാ”
“എവിടുന്നാ ചേടത്തി”?
രേണു ഒരിത്തിരി പേടിയും എന്നാൽ അറിയാനുള്ള ആകാംക്ഷയും നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“എന്നാ പറയാനാന്നേ പാടത്ത് മുഴുവൻ മയിലാ. വിഷുവല്ലേ വരുന്നത് എന്നാ ഇത്തിരി ചീരയും പയറും വെള്ളരിയും കൃഷി ചെയ്യാന്ന് വെച്ചാ ഒക്കെ മയിലുകൾ വന്ന് നശിപ്പിക്കുകയാ മോളേ”
“കലുങ്കിൻ്റെ അടുത്തുള്ള ആ ജോർജ്ജ് ഉണ്ടല്ലോ അവൻ ഇന്ന് വൈകുന്നേരം ശല്യം സഹിക്കാൻ വയ്യാതെ രണ്ടെണ്ണത്തിനെ അങ്ങ് കാച്ചി”