“അതങ്ങനെ ഒരുത്തൻ. ഇന്നാളൊരു ദിവസം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഞങ്ങളെ വിളിക്കാൻ വന്നിട്ട് WD4PD എഞ്ചിൻ നോക്കി നിന്നവനാ അവൻ” നീഹയാണ്.
“ആഹാ പെണ്ണിന് ലോക്കോമോട്ടീവ് എഞ്ചിനെ പറ്റിയൊക്കെ അറിയാലോ. എപ്പാഴാ നീ സി എസ് ഇ യിന്ന് മെക്കിലോട്ട് മാറിയത്”?
ഷംസാദ് വെറുതേ ചൊറിഞ്ഞു.
“നിങ്ങളെ ഒക്കെ ഒപ്പം നടന്ന് ഇപ്പോ ഒച്ച കേട്ടാൽ എഞ്ചിനേതാന്ന് പറയാവുന്ന അവസ്ഥയിലായി”
“എത്ര സുന്ദരി പെൺകുട്ടികളാ ഇവിടെ തലങ്ങും വിലങ്ങും നടക്കുന്നത്- ക്ലാസ്സിൽ തന്നെ എത്രയെണ്ണം ”
“അതേതാടാ ഞാനറിയാത്ത പുതിയ ആരാധികമാര്”? ജംഷി ആകാംക്ഷയോടെ ചോദിച്ചു.
“ആ ഹിന്ദിക്കാരി രൂപാലി ഗുപ്ത കുറേ നാളായിട്ട് ഇവൻ്റെ പിന്നാലെയാ”.
“ആഹാ ആ ജാഡക്കാരിയോ? കോളേജിലെ ബ്യൂട്ടി ക്വീനാന്നല്ലേ എല്ലാവരും പറയുന്നത്”
“അവളിവൻ്റെ എന്തു കണ്ടിട്ടാ”? ഷംസാദ് വീണ്ടും.
വിശപ്പ് മാറിയതുകൊണ്ടോ എന്തോ അവനിപ്പം നാവ് തിരിച്ചു കിട്ടിയിട്ടുണ്ട്.
“ആലിൻ്റെ ചുവട്ടിലിരിക്കുന്ന ഈ സുമുഖനെ പ്പറ്റി നിനക്കെങ്ങനെ അത് ചോദിക്കാൻ തോന്നി? ആറാറരയടി പൊക്കവും പത്തുനൂറ്റമ്പതു കിലോ തൂക്കവും ഒടുക്കത്തെ ലുക്കും.പിന്നെ രൂപാലിയല്ല ആരായാലും നോക്കൂല്ലേ. കൂട്ടിന് മലപ്പുറം ഋത്വിക് റോഷൻ ജംഷീർ അലിയും”
നീഹാ നിലത്തോട്ട് ചാടിയിറങ്ങി എന്നെയും ജംഷീറിനെയും ഒരുമിച്ച് വാരി.
“ഇത്രയൊക്കെ ജൂനിയേഴ്സും സീനിയേഴ്സും ആരാധികമാരായിണ്ടായിട്ട് പെണ്ണുങ്ങളെ ബാക്ക് നോക്കാതെ കണ്ട വണ്ടിയുടെ ബാക്ക് നോക്കി നടക്കുന്ന രണ്ടെണ്ണം” വീണ്ടും ഷംസാദ്.