ഞങ്ങൾ മാത്രമല്ല, ഞങ്ങളുടെ വീട്ടുകാരും. അവൻ്റെ വീട്ടിൽ അവനും അമ്മയും പെങ്ങളും മാത്രമേയുള്ളൂ. ഞങ്ങളുടെ ചെറുപ്പത്തിൽ തന്നെ ഒരു അപകടത്തിൽ അവൻ്റെ അച്ഛൻ മരിച്ചു. അവരുടെ ഒളിച്ചോടിയുള്ള വിവാഹ ജീവിതം ആയിരുന്നതിനാൽ അധികം ബന്ധുക്കൾ ഒന്നും തന്നെ അവരുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല.
അവൻ്റെ അമ്മയുടെ ഇളയ സഹോദരി മാത്രം എല്ലാ കാര്യത്തിനും കൂടെയുണ്ട്. അഞ്ചു വയസ്സുള്ള മനുവിനെയും പൊടി കുഞ്ഞായ അവൻ്റെ പെങ്ങൾ മീനുവിനെയുംകൊണ്ട് എങ്ങനെ ജീവിക്കും എന്നറിയാതെ ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് ദൈവം അയച്ചവർ എന്ന രീതിയിൽ എൻ്റെ അച്ഛനും അമ്മയും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
അതുവരെ വെറും അയൽക്കാർ എന്ന രീതിയിൽ നിന്നും ഞങ്ങളുടെ വീട്ടുകാർ ഒന്നായത് അന്നു മുതലാണ്.
അവരുടെ ജീവിതം സാധാരണ രീതിയിൽ ആകുന്നവരെ അവരെയും കുഞ്ഞുങ്ങളെയും നോക്കിയത് എൻ്റെ അച്ഛനും അമ്മയുമാണ്. അടുത്തുള്ള വീടുകളിൽ അടുക്കള ജോലിക്ക് പോകാൻ ഒരുങ്ങിയ അവരെ അമ്മയും അച്ഛനും വിട്ടില്ല. എൻ്റെ അമ്മക്ക് തയ്യൽ ജോലിയാണ്. വീടിനോടു ചേർന്നു തന്നെ ഒരു മുറി പണിത് അതിലാണ് തയ്യൽ.
വീട്ടിൽ ഉപയോഗിക്കാതെ കിടന്ന പഴയ തയ്യൽ മെഷീൻ കേടുപാടുകൾ തീർത്ത് അമ്മ അവരെ തയ്യൽ പഠിപ്പിച്ചു. ജീവിക്കാനുള്ള വാശികൊണ്ടാണോ എന്തോ പെട്ടെന്ന് തന്നെ അവർ എല്ലാം പഠിച്ചെടുത്തു. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അമ്മയും അവരും തമ്മിലുള്ള ആ ബന്ധം ഒരു പോറൽപോലും ഏൽക്കാതെ മുന്നോട്ടു പോകുന്നു.
