വിജയം കരസ്ഥമാക്കുന്ന ഒരു പാർട്ടി മാത്രമേ അന്ന് കോളേജിൽ ഉള്ളു. അത് ഞങ്ങളുടെ പ്രസ്ഥാനം ആയിരുന്നു. പക്ഷെ ഞങ്ങൾ ഒരിക്കലും പാർട്ടിയുടെ പേരിൽ ചേരിതിരിഞ്ഞ് അടിയുണ്ടാക്കിയിട്ടില്ല. നല്ലൊരു രാഷ്ട്രീയ സൗഹൃദം ഞങ്ങൾ എല്ലാ സംഘടനകളുമായി വച്ചുപുലർത്തിയിരുന്നു. വിദ്യാർത്ഥികളുടെ ന്യായമായ ഏത് ആവശ്യത്തിനും ഞങ്ങൾ ഒറ്റകെട്ടായി നിന്ന കാലം. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഇല്ലിക്കൽ ബസുകാർക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറാൻ തുടങ്ങിയത്. സ്റ്റോപ്പിൽ നിർത്താതെ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ പോകുന്ന അവരെക്കുറിച്ച് നിരവധി ആളുകൾ പരാതി പറഞ്ഞതനുസരിച്ച് ഒരു ദിവസം ഞങ്ങൾ ബസ് തടഞ്ഞു. അന്ന് നിർബന്ധപൂർവം ബസിലേക്ക് കുട്ടികളെ കയറ്റികൊണ്ടിരിക്കുമ്പോൾ ഇത്രയും മതിയെന്നും പറഞ്ഞ് ഡ്രൈവർ എഴുന്നേറ്റ് വന്ന് ഒരു പെൺകുട്ടിയെ പിടിച്ചു തള്ളി. ആ തള്ളലിൽ റോഡിലേക്ക് തലയടിച്ചു വീണ അവളെ ആശുപത്രിയിലേക്ക് മാറ്റി. ആ രോഷത്തിൽ കിച്ചാപ്പി ഡ്രൈവറെ വലിച്ച് പുറത്തിട്ട് മുഖമടച്ചൊന്ന് കൊടുത്തു. പുറകിൽ നിന്നും ഓടി വന്ന കിളി കിച്ചാപ്പിയെ പിടിച്ചു തള്ളിയതും ഞാൻ അയാളെ കയറി തല്ലി.നല്ല പൊരിഞ്ഞ അടി. നിലത്ത് വീണുരുണ്ട് ഷർട്ടൊക്കെ കീറി തനി നാടൻ തല്ല്. ഒരുതവണ ദാസപ്പന്റെ മുകളിൽ കയറി ഇരിക്കാൻ കിട്ടിയ അവസരത്തിൽ അയാളുടെ മൂക്ക് ഇടിച്ചു പൊട്ടിച്ചു. സംഭവമറിഞ്ഞ് അവിടേക്ക് ഇരച്ചെത്തിയ വിദ്യാർത്ഥികളെ കണ്ട് ബസ്സുകാർ അമ്പരന്ന് നിന്നപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്ത് റോഡിന് കുറുകെ ഇട്ടതും ബസ്സുകാർ മുഴുവൻ സമരത്തിലേക്ക് നീങ്ങിയതും. മെയിൻ റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തുള്ള അവരുടെ സമരത്തിൽ പോലീസ് ഇടപെട്ടു. യൂണിയൻ നേതാക്കൾ വന്നു. അപ്പോഴേക്കും റൂട്ടിൽ ഓടുന്ന നിരവധി ബസ്സുകൾ വരിവരിയായി ഒതുക്കിയിട്ടു. എന്നെയും കിച്ചാപ്പിയെയും അറസ്റ്റ് ചെയ്യാതെ ബസ് മാറ്റില്ലെന്ന വാശിയിൽ ആയി രാജപ്പനും ദാസപ്പനും. പക്ഷെ അതിനെതിരെ വിദ്യാർഥികൾ സംഘടിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ ഞങ്ങൾക്ക് പിന്നിൽ അണിനിരന്നു. അവസാനം പോലീസിന്റെ ഇടപെടലും ഫലിക്കില്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ ഒരു അറ്റകൈ പ്രയോഗം എടുത്തു. ഇല്ലിക്കൽ മോട്ടോഴ്സിന്റെ ചില്ലിൽ തുടങ്ങി, പുറകിൽ നിർത്തിയിട്ട മൂന്ന് ബസ്സുകളുടെ ചില്ലും അടിച്ചു തകർത്തു. ഇനിയും വണ്ടിയെടുത്തില്ലെങ്കിൽ ഒരൊറ്റ ബസ്സുപോലും ഇതിലൂടെ മര്യാദയ്ക്ക് ട്രിപ്പ് നടത്തില്ലെന്ന് കോളേജ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുഴുവൻ ഒറ്റ കെട്ടായി നിലപാടെടുത്തപ്പോൾ വേറെ വഴിയില്ലാതെ അവർക്ക് സമരം പിൻവലിക്കേണ്ടി വന്നു. റൂട്ട് ക്ലിയർ ആക്കിയെങ്കിലും പോലീസ് വണ്ടി വെറുംകൈയോടെ തിരിച്ചു പോയില്ല പോയില്ല. രാജനും ദാസനും ബൊലേറോയുടെ പുറകിൽ ചോരയൊലിപ്പിച്ചുകൊണ്ട് ഞങ്ങളെ നോക്കിയിരുന്നു. അവര് രാജകീയമായി പോലീസ് അകമ്പടിയോടെ പോയപ്പോൾ ഞങ്ങൾ അഞ്ചുപേർ ബൈക്കിൽ പോലീസുവണ്ടിക്ക് എസ്കോർട്ടുപോയി…. പിന്നെ ഒന്നും പറയണ്ട. എന്റമ്മോ… പോലീസുകാരുടെ നല്ല മുട്ടൻ ഇടി കിട്ടി. പക്ഷെ തലതല്ലി വീണ പെണ്ണ് കേസിനുപോയാൽ കുടുങ്ങുമെന്ന് മനസിലായ ഇല്ലിക്കൽ ടീം അവർക്ക് കേസൊന്നും ഇല്ലെന്ന് പറഞ്ഞ് തടിയൂരി. പാവം ദാസപ്പന്റെ മൂക്കിന്റെ പാലവും രാജപ്പന്റെ വാരിയെല്ലും ചെറുതായൊന്ന് ഒടിഞ്ഞത് മിച്ചം. അവർക്ക് മാത്രമല്ല കേട്ടോ. ഞങ്ങൾക്കും കിട്ടി. പക്ഷെ ചതവൊന്നും ഉണ്ടായില്ല. ദേഹത്ത് അവിടവിടെ ചുവന്നിട്ടുണ്ടായിരുന്നു. പിന്നെ റോഡിൽ വീണ് തിരഞ്ഞതിന്റെ ചെറിയ സ്ക്രാച്ചുകളും… അന്ന് ഇല്ലിക്കൽ രാജീവൻ സ്റ്റേഷനിൽ വന്നപ്പോഴാണ് അവിടുന്നൊരു പോലീസുകാരൻ പറയുന്നത് കേട്ടത് കവലമുക്കിലെ പിള്ളേരാ. ഇനി ഒരു പ്രശ്‌നത്തിന് പോണ്ടെന്ന്.. കാരണം ഞങ്ങൾക്ക് കൊണ്ടും കൊടുത്തും നല്ല ശീലമുള്ളതാ..
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നീതുവിന്റെ ഒരു ചോദ്യം….
: അപ്പൊ ഇവളെ നിനക്ക് മുന്നേ അറിയാം അല്ലെ…
118 Comments
Add a Comment