വില്ലയിൽ തിരിച്ചെത്തിയിട്ടും ‘ദേവേട്ടാ’ എന്ന ആ വിളി അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അനന്യ തന്റെ മുറിയിലേക്ക് പോയെന്ന് ഉറപ്പുവരുത്തിയ ശേഷം, അവൻ ബാൽക്കണിയിലിറങ്ങി വരുണിനെ വിളിച്ചു.
ഫോൺ എടുത്ത ഉടനെ വരുൺ പതിവുപോലെ തമാശകൾ തുടങ്ങി.
വരുൺ: “എന്താടാ ദേവാ… അല്ല അർജുനേ, ഈ രാത്രിയിൽ? ബാംഗ്ലൂരിലെ തിരക്കൊക്കെ കഴിഞ്ഞ് എന്നെ ഓർക്കാൻ സമയം കിട്ടിയോ?”
അർജുൻ: (സ്വരം സ്വാഭാവികമാക്കാൻ ശ്രമിച്ചുകൊണ്ട്) “ഏയ്, വെറുതെ വിളിച്ചതാടാ. ഇവിടെ വർക്ക് ഫ്രം ഹോം ഒക്കെയായി കുറച്ച് തിരക്കിലായിരുന്നു. നീ എന്ത് പറയുന്നു? കല്യാണത്തിരക്കുകൾ തുടങ്ങിയോ?”
വരുൺ: “അതൊക്കെ നടക്കുന്നു. നീ വരുമല്ലോ, അല്ലേ? നിന്റെ സീറ്റ് ഞാൻ റിസർവ് ചെയ്തിട്ടുണ്ട്.”
അർജുൻ അല്പനേരം നിശബ്ദനായി. ആ കാഷ്വൽ ടോക്കിൽ നിന്ന് അവൻ പതുക്കെ തന്റെ സംശയത്തിലേക്ക് കടന്നു.
അർജുൻ: “വരുൺ… ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു. അയാളുടെ മകൾ..അവൾ ഇപ്പോൾ എവിടെയുണ്ട്? നാട്ടിൽ തന്നെയുണ്ടോ?”
മറുപുറത്ത് വരുൺ ഒന്ന് മടിച്ചു. ഒരു ദീർഘശ്വാസം എടുത്ത ശേഷം അവൻ പറഞ്ഞു.
വരുൺ: “അവളോ? അവൾ ബാംഗ്ലൂരിലാണെന്നാണ് കേട്ടത്. നീ എന്തിനാ ഇപ്പോൾ അത് ചോദിക്കുന്നത്?”
അർജുന്റെ ഉള്ളിലൊന്ന് പിടഞ്ഞു. മാളിൽ കണ്ട ആ മുഖം… ആ കണ്ണുകൾ… അത്…?..
