അർജുൻ ദീർഘമായി ശ്വസിച്ചു. അവന്റെ കണ്ണുകളിൽ ഇപ്പോൾ ആ മനുഷ്യനോടുള്ള ആഴത്തിലുള്ള വെറുപ്പ് മാത്രമായിരുന്നു.
വിശ്വനാഥൻ… അതായിരുന്നു അയാളുടെ പേര്. തുടക്കത്തിൽ അയാൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു തണലായിരുന്നു. ഞാനും അമ്മയും പാർക്കിൽ കളിക്കുന്നത് അയാൾ ദൂരെയൊരു ബെഞ്ചിലിരുന്ന് നോക്കി നിൽക്കും. ഇടയ്ക്ക് കാർണിവലുകൾക്കും പിക്നിക്കുകൾക്കും ഞങ്ങളെ കൊണ്ടുപോകും.
അപ്പോഴൊക്കെ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണുമ്പോൾ ഞാൻ കരുതി എന്റെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി കരുതിവെച്ച സുഹൃത്താണ് ഇതെന്ന്. പക്ഷേ അതൊരു വേട്ടക്കാരൻ തന്റെ ഇരയെ പഠിക്കുന്ന നോട്ടമായിരുന്നു എന്ന് തിരിച്ചറിയാനുള്ള പ്രായം എനിക്കന്ന് ഉണ്ടായിരുന്നില്ല.”
അർജുൻ ബെഡ് ഷീറ്റിൽ മുറുകെ പിടിച്ചു.
”ഒരു ദിവസം… അമ്മയും വിശ്വനാഥനും കൂടി എറണാകുളത്ത് ഒരു മീറ്റിംഗിന് പോയി. രാത്രി എത്തുന്നതിനു മുൻപ് തിരികെ വരാമെന്നായിരുന്നു അമ്മ എനിക്ക് തന്ന വാക്ക്. ഞാൻ ഉമ്മറത്ത് കാത്തിരുന്നു. നേരം വെളുത്തു, എന്നിട്ടും അവർ വന്നില്ല. അടുത്ത ദിവസം ലക്ഷ്മി അമ്മമ്മയോട് (വിശ്വനാഥന്റെ അമ്മ) ഞാൻ ചോദിച്ചു കൊണ്ടിരുന്നു. അവർക്കും വ്യക്തമായ മറുപടി ഇല്ലായിരുന്നു. അവരുടെ മുഖത്തെ പരിഭ്രമം എന്നെയും ബാധിച്ചു. ആ ടെൻഷനിൽ എനിക്ക് കടുത്ത പനി പിടിച്ചു. ദിവസങ്ങളോളം ഞാൻ പനിച്ചു കിടന്നു. പക്ഷേ അമ്മ വന്നില്ല.”
അർജുൻ പതുക്കെ ശ്വാസം വിട്ടു. അവന്റെ കണ്ണുകളിൽ ആ പഴയ അഞ്ചു വയസ്സുകാരന്റെ ഭയം നിറഞ്ഞു.
