”ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയുടെ നെഞ്ചിൽ മുഖം അമർത്തിപ്പിടിച്ചപ്പോൾ എന്റെ കവിളിൽ എന്തോ ഒരു നനവ് തട്ടി. ഒരു വെളുത്ത ദ്രാവകം അമ്മയുടെ മാക്സിയിൽ പടർന്നിട്ടുണ്ടായിരുന്നു. അത് കണ്ട് അമ്മ വല്ലാതെ ഞെട്ടിപ്പോയി. അത് ഹോർമോൺ വ്യതിയാനം കൊണ്ടാണെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്നും ചോദിച്ചില്ല. എനിക്ക് അന്ന് അത് ഒന്നും അറിയില്ലായിരുന്നു മാം.”
അവൻ കൈകൾ മുറുകെ പിടിച്ചു…
”അന്ന് ഉച്ചയ്ക്ക് അപൂർവ്വമായി മാത്രം ബെല്ലടിക്കുന്ന ആ ലാൻഡ്‌ലൈൻ ഫോൺ ശബ്ദിച്ചു. ഞാൻ ഓടിച്ചെന്ന് ഫോൺ എടുത്തു. മറുപുറത്ത് സംസാരമൊന്നുമുണ്ടായിരുന്നില്ല… വെറുമൊരു കൊച്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ മാത്രം. കുറച്ചു കഴിഞ്ഞ് അത് കട്ടായി.
അമ്മ വന്ന് എന്നോട് ചോദിച്ചു, ‘ആരായിരുന്നു അത്?’ എന്ന്.
അല്പസമയത്തിനുശേഷം വീണ്ടും ഫോൺ അടിച്ചു. ഇത്തവണ അമ്മയാണ് എടുത്തത്. മറുപുറത്തെ സംസാരം കേട്ട് അമ്മയുടെ മുഖം വിളറി വെളുത്തു.
ഒരു നിമിഷം കൊണ്ട് അമ്മ തയ്യാറായി. എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞ് അമ്മ ധൃതിയിൽ പുറത്തിറങ്ങി. മുറ്റത്ത് വിശ്വനാഥന്റെ ആ കറുത്ത കാർ അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. അമ്മ ആ കാറിലേക്ക് കയറുന്നത് നോക്കി ഞാൻ ആ ഉമ്മറത്ത് തനിച്ചു നിന്നു.”
അർജുൻ അനന്യയുടെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ഇപ്പോൾ പകയും അതിലേറെ സഹതാപവുമുണ്ടായിരുന്നു.
