ശ്രീനിവാസൻ കുറച്ചു നേരം നിശബ്ദനായി. അർജുന്റെ വാക്കുകളിൽ ഒരു തരം നിരാശയും ദേഷ്യവും കലർന്നിരുന്നു.
ശ്രീനിവാസൻ: “നീ പറഞ്ഞത് ശരിയാടാ. നിന്നെപ്പോലൊരു ബ്രില്യന്റ് പയ്യൻ ഇവിടെ വന്ന് ഈ ഡോക്യുമെന്റേഷൻ നരകത്തിൽ പെട്ടുപോയി. പക്ഷെ അർജുൻ, നീ ശ്രദ്ധിക്കണം… നീ ഈ പറയുന്നതൊക്കെ അനന്യ മാമിന്റെ ചെവിയിലെത്തിയാൽ നിന്റെ കാര്യം ഇതിലും കഷ്ടമാകും.”
അർജുൻ: “അറിയുന്നവർ അറിയട്ടെ ശ്രീനിയേട്ടാ. ഈ കോമാളി നാടകം അധികകാലം തുടരാൻ എനിക്ക് വയ്യ.”
അർജുൻ ദേഷ്യത്തോടെ വാഷ്റൂമിൽ നിന്ന് പുറത്തേക്ക് നടന്നു. ലിഫ്റ്റിന് മുന്നിൽ നിൽക്കുമ്പോൾ അവന്റെ മനസ്സിൽ ആ ഗ്രാഫുകളും കണക്കുകളും
മിന്നിമറയുകയായിരുന്നു. പെട്ടെന്നാണ് പിന്നിൽ ആ ശബ്ദം കേട്ടത്.
”അർജുൻ, എനിക്കൊരു അഞ്ച് മിനിറ്റ് നിന്റെ സമയം വേണം. എന്റെ ക്യാബിനിലേക്ക് വരാമോ?”
അനന്യയായിരുന്നു അത്. അവൾ അവിടെ നിൽപ്പുണ്ടായിരുന്നു. അർജുനും ശ്രീനിവാസനും തമ്മിലുള്ള സംസാരത്തിന്റെ എത്ര ഭാഗം അവൾ കേട്ടു എന്നത് ആ മുഖത്തുനിന്ന് വ്യക്തമല്ലായിരുന്നു.
അർജുൻ വല്ലാത്തൊരു അമ്പരപ്പിലായിരുന്നു. ലിഫ്റ്റിലേക്ക് കയറാൻ തുടങ്ങിയ കാൽ പിൻവലിച്ച് അവൻ പതുക്കെ അനന്യയുടെ ക്യാബിനിലേക്ക് നടന്നു.
ഈശ്വര.. ഇനി അവൾ വല്ലതും…
അനന്യ തന്റെ കസേരയിൽ ചാരിയിരുന്ന് ഗ്ലാസ് വിൻഡോയിലൂടെ പുറത്തെ നഗരവെളിച്ചത്തിലേക്ക് നോക്കുകയായിരുന്നു. അവൻ വന്നത് അറിഞ്ഞതും അവൾ തിരിഞ്ഞു. ആ മുഖത്ത് നേരത്തെ കണ്ട ദേഷ്യമോ ഗർവ്വമോ ഉണ്ടായിരുന്നില്ല.
