വിശ്വനാഥന്റെ ആഡംബര മന്ദിരം വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ്. എന്നാൽ ആ വെളിച്ചത്തിനിടയിലും അയാളുടെ ഉള്ളിൽ ഇരുട്ട് പടരുന്നുണ്ടായിരുന്നു. നഗരത്തിന് പുറത്തുള്ള ആ വിജനമായ സ്ഥലത്ത്, താൻ നടത്തിയ ആ അജ്ഞാത കൂടിക്കാഴ്ചയുടെ നടുക്കം അയാളെ വിട്ടുമാറിയിട്ടില്ല….
അവിടെ കണ്ട ആൾ… അയാൾ പറഞ്ഞ കാര്യങ്ങൾ… വിശ്വനാഥൻ വിയർക്കുന്നുണ്ടായിരുന്നു.
കാറിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് നടക്കുമ്പോൾ അയാൾ ആയാസപ്പെട്ട് തന്റെ മുഖത്തെ ഭയം മറച്ചു. ഒരു കപടമായ പുഞ്ചിരി മുഖത്ത് വരുത്തി.
വാതിൽ തുറന്നതും മൂത്ത മകൾ മാളവിക ഓടിവന്ന് അയാളെ കെട്ടിപ്പിടിച്ചു. “പപ്പാ… ഇത്രയും ലേറ്റ് ആയോ? ഞങ്ങൾ എപ്പോഴേ നോക്കിയിരിക്കുവാ!”
അവളുടെ കൂടെ വിക്രമും ഉണ്ടായിരുന്നു. വിക്രം ഗൗരവത്തോടെ ഒന്ന് തലയാട്ടി. ഇളയ മകൾ ദിയ ഓടിവന്ന് അയാളുടെ കയ്യിൽ തൂങ്ങി. “പപ്പാ, എന്റെ ഗിഫ്റ്റ് എവിടെ? നാളെ ശാലിനി ആന്റിയുടെ ബർത്ത്ഡേ അല്ലേ, സർപ്രൈസ് പാർട്ടിക്കുള്ള എല്ലാം സെറ്റാണ്!”
വിശ്വനാഥൻ അവരുടെ തലയിൽ തലോടി. “എല്ലാം വാങ്ങിയിട്ടുണ്ട് മക്കളെ… ഒരു ചെറിയ ബിസിനസ് മീറ്റിംഗ് ഉണ്ടായിരുന്നു, അതാ വൈകിയത്.” അയാൾ കള്ളം പറഞ്ഞു.
അകത്തെ ഹാളിൽ ശാലിനി തിരക്കിലായിരുന്നു. നാളത്തെ ജന്മദിന ആഘോഷത്തിനുള്ള ഒരുക്കങ്ങൾ അവൾ നേരിട്ട് വിലയിരുത്തുകയാണ്. ഫോണിൽ ആരോടോ കേക്കിന്റെ ഡിസൈനിനെ കുറിച്ച് സംസാരിക്കുന്നു. വിശ്വനാഥനെ കണ്ടതും അവൾ ഫോൺ വെച്ച് അരികിലേക്ക് വന്നു.
