”എന്നാൽ ഒരു കാര്യം ചെയ്യാം, ഞാൻ പുറത്തുപോകാം. അവനെ ഇങ്ങോട്ട് പറഞ്ഞുവിടാം. നിങ്ങൾ രണ്ടാളും കൂടി സംസാരിച്ച് ഇത് തീർക്ക്,” ദേവേട്ടൻ എഴുന്നേൽക്കാൻ തുനിഞ്ഞതും അച്ചു പെട്ടെന്ന് പരിഭ്രമത്തോടെ അദ്ദേഹത്തിന്റെ കയ്യിൽ കയറി പിടിച്ചു. അവനെ തനിയെ നേരിടാൻ അവൾ ഇപ്പോഴും തയ്യാറായിരുന്നില്ല.
”വേണ്ട! നിങ്ങൾക്ക് ഇപ്പോൾ എന്താ വേണ്ടത്? ഞാൻ ഭക്ഷണം ഉണ്ടാക്കണം, അത്രയല്ലേ? ശരി, ഞാൻ അത് ചെയ്തോളാം. പക്ഷേ ഒരു കാര്യം… അക്കു അടുക്കളയിലേക്ക് വരാനോ എന്നോട് മിണ്ടാനോ പാടില്ല. പറഞ്ഞേക്കാം!” അവൾ ഒരു ഉപാധി പോലെ പറഞ്ഞു.
”ആയിക്കോട്ടെ ടീച്ചറെ… നീ എന്തെങ്കിലും ഒന്ന് ഉണ്ടാക്ക്. എനിക്കും വല്ലാതെ വിശക്കുന്നു,” ദേവേട്ടൻ ഒരു തമാശ പോലെ പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു…
അച്ചു പതുക്കെ എഴുന്നേറ്റ് മുഖം കഴുകി അടുക്കളയിലേക്ക് നടന്നു. ഹാളിൽ തലതാഴ്ത്തി ഇരിക്കുന്ന അക്കുവിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അകത്തേക്ക് കയറി…
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തീൻമേശയിലെ ആ നിശബ്ദതയ്ക്ക് വല്ലാത്തൊരു കനമുണ്ടായിരുന്നു…
പാത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം മാത്രം അവിടെ മുഴങ്ങിക്കേട്ടു. അന്തരീക്ഷത്തിലെ ആ അസ്വസ്ഥത മാറ്റാനായി ദേവേട്ടൻ പല വിഷയങ്ങളും സംസാരിക്കാൻ നോക്കി…
നാട്ടിലെ വിശേഷങ്ങളും പഴയ തമാശകളും ഒക്കെ അയാൾ എടുത്തിട്ടെങ്കിലും അക്കുവിനും അച്ചുവിനും ഇടയിലെ മഞ്ഞുരുകിയിരുന്നില്ല. ദേവേട്ടന്റെ ഓരോ ചോദ്യത്തിനും അക്കു വെറും മൂളലുകളിൽ മാത്രം മറുപടി ഒതുക്കി.
