“ആദ്യായിട്ട് കാണാ ഇത്. ഒരാളെ കാണുമ്പോ ബ്ലഡ് പ്രെഷർ കൊറയുന്നു. കണ്ടില്ലേ സോനാ”
ഡോക്ടർ അടുത്ത് നിന്ന സിസ്റ്ററിനോട് പറഞ്ഞു. രണ്ട് പേരുടെയും മുഖത്ത് അത്ഭുതം.
“അതാരാ”?
“ഉപ്പയാ”
“ഉപ്പയെ കണ്ടപ്പോ മകളുടെ മാറ്റം കണ്ടില്ലേ. അപ്പൊ കാര്യങ്ങൾ പറയാൻ നിങ്ങളെക്കാൾ നല്ലൊരാളില്ല. മകൾക്ക് ഭക്ഷണം ശരിക്ക് കഴിക്കാത്തതിന്റെ പ്രശ്നമുണ്ട്. അതു കൊണ്ടാ കുട്ടിക്ക് ഛർദി ഉണ്ടാവുന്നത്. ഉമ്മയുടെ വയറ് ഒഴിഞ്ഞിരിക്കുമ്പോ മുലപ്പാലിലും വ്യത്യാസം ഉണ്ടാവും”
ഷഹാന മകനെയും കൊണ്ട് പുറത്തേക്കിറങ്ങി. ഡോക്ടർ ഉപ്പയോട് കുറച്ച് സമയം കൂടി അവളുടെ അവസ്ഥയെ പറ്റി വിശദീകരിച്ചു.
ഷഹാന മരുന്ന് ചീട്ടും കൊണ്ട് വന്ന ഉപ്പയുടെ അടുത്തേക്ക് ചെന്നു.
“ഇത്രേം നേരം ഉപ്പാനെ പിടിച്ചിരുത്തി എന്ത് രഹസ്യാ ഡോക്ടറ് പറഞ്ഞെ”?
“ അന്നേ പറ്റീള്ള രഹസ്യം. അല്ലാതെന്താ”?
മരുന്നും ബ്രെസ്റ്റ് പമ്പും വേറെ ചില സാധനങ്ങളും വാങ്ങി അവർ ആശുപത്രിയിൽ നിന്നും തിരിച്ചു.
“വേറെ എന്തേലും വാങ്ങാണ്ടോ”?
“വേറെ ഒന്നൂല്ല. ഉപ്പാ….ബീച്ചില് പോയാലോ? അനൂനെ വൈന്നാരത്തെ വെയിലും കൊള്ളിക്കാം”
അവർ കുറച്ച് ദൂരം ബീച്ചിൽ നടന്നു. കുളിമുറിയിൽ നടുവും തല്ലി വീണത് കാരണം ദേഹം വേദനിക്കുന്നത് കൊണ്ട് ഷഹാന പിച്ച വെച്ച് തുടങ്ങിയ പേരക്കുട്ടിയെ കൈപിടിച്ച് പിച്ചാം പിച്ചാം നടത്തുകയായിരുന്ന ഉപ്പയുടെ അടുത്ത് വന്നിരുന്നു.
“മേല് വേദന മാറാൻ കുഴമ്പ് തേച്ച് ഉഴിഞ്ഞു കുളിച്ചാ മതിയാവും..ല്ലേ പൂവീ? ഉഴിഞ്ഞ് കുളിപ്പിച്ച് തരാൻ ആരേലും ഏർപ്പാടാക്കിയാലോ”?