ചക്കയും ഉപ്പാന്റെ പൂതിയും [ജുമൈലത്] 1321

 

“ഉപ്പാക്ക് മതിയായീല്ലേ? മുന്നെ ഉണ്ടേന്നോള് പന്ത്രണ്ടു പവനും സ്റ്റോക്കെടുക്കാൻ വെച്ച പൈസയും കൊണ്ടാ പോയത്. ഇനി ആരും വേണ്ട. ഞാൻ ഒറ്റക്ക് കുളിച്ചോണ്ട്”

 

” മാനുക്കാ..”

 

ഉപ്പയും മകളും ഓരോന്ന് പറഞ്ഞിരിക്കുന്ന സമയത്താണ് പുറകിൽ നിന്ന് ആരോ വിളിച്ചത്. നോക്കിയപ്പോൾ അനുജനും ഭാര്യയുമാണ്.

 

“സലീമോ? സജ്‌നേണ്ടല്ലോ. എന്താപ്പോ ഇവിടെ”?

 

“ഞങ്ങള് കൊയിലാണ്ടീല് പോയി വരണ വഴിയാ. ഒന്ന് കാറ്റ് കൊള്ളാൻ നിർത്ത്യപ്പളാ ഇങ്ങളെ കണ്ടത്”

 

“ഓളെ ഡോക്ടറെ കാണിക്കാൻ പോന്നതാ. ഇവിടെ വരെ വന്നതല്ലേ ബീച്ചൊക്കെ ഒന്ന് കാണാന്ന് വെച്ചു”

 

സലീമും ഭാര്യയും ഷഹാനയുടെ കാര്യം തിരക്കി. ഷഹാനയും എളാമ്മയും കുട്ടിയേയും കൊണ്ട് ചുറ്റികറങ്ങാൻ പോയി.  പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃഷ്ടിയും പതിപ്പിച്ചിരിക്കുന്ന ജ്യേഷ്ഠന്റെ മനസ്സിലെ ആത്മസംഘർഷം ആ മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങളിൽ നിന്നും വായിച്ചെടുത്ത അനുജൻ ജ്യേഷ്ഠൻ കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നത് വരെ നിശബ്ദനായി ക്ഷമയോടെ കാത്തിരുന്നു.

 

“പിന്നെ സലീമേ അന്ന് പറഞ്ഞ കാര്യം നോക്കിയോ ഇയ്യ്‌”?

 

“ഓൾക്കൊരു ചെക്കനല്ലേ. പറ്റിയ ആളെ കിട്ടണ്ടേ ഇക്കാ”

 

“ഞാൻ പറഞ്ഞൂന്നേ ഉള്ളൂ. സഫിയേം പോയി. ഇക്ക് വയസ്സും ആയി. ഓളാണേല് ചെറുപ്പോം…”

 

“ അതൊക്കെ കഴിഞ്ഞില്ലേ? ഇങ്ങള് വെറുതെ ആവശ്യല്ലാത്ത കാര്യങ്ങളോർത്ത് തല പുണ്ണാക്കീട്ടെന്താ? എടങ്ങാറായി നടക്കാന്നല്ലാതെ… ഡെൽഹീന്ന് ഒക്കെപ്പാടെ പൂട്ടി കെട്ടി ഓളേം കൊണ്ട് കോഴിക്കോട് വന്നു. ഞങ്ങളെ ആരേം അടുപ്പിക്കൂംല്ല. എന്നിട്ട് ഇക്ക് ആരൂല്ലേ ഒറ്റക്കാണേന്നും പറഞ്ഞോണ്ടിരിക്കും. ഉമ്മച്ചി തറവാട്ടില് നിക്കാൻ പറഞ്ഞിട്ട് ഇങ്ങള് അത് കേട്ടോ? എത്ര കാലായി തറവാട്ടീക്ക് ഒന്ന് വന്നിട്ട്?  ഞങ്ങളൊക്കെ ഇല്ലേ ഓൾക്ക്? കെട്ടാൻ ആരേലും വന്നോളും. ഇങ്ങള് വെറുതെ ബേജാറാവണ്ട”