അൻസി ദേഷ്യം കൊണ്ട് വിറച്ചു. അവൾ തന്റെ ബാഗിൽ നിന്നും ഒരു ചെറിയ പിസ്റ്റൾ പുറത്തെടുത്തു. “എബി! നീ ജീവനോടെ പുറത്തുപോകില്ല!”
പക്ഷേ അൻസി ട്രിഗർ അമർത്തുന്നതിന് മുൻപ് സണ്ണി അവളുടെ കൈക്ക് അടിച്ചു. തോക്ക് ദൂരേക്ക് തെറിച്ചുപോയി. “സ്ത്രീയാണെന്ന പരിഗണന ഇനി പ്രതീക്ഷിക്കണ്ട അൻസി . നിങ്ങൾ എന്റെ കുടുംബത്തെ തകർത്തവളാണ്,” സണ്ണി പല്ലുഞെരിച്ചു പറഞ്ഞു.
അപ്പോഴേക്കും ഹാരിസ് സാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോഡൗൺ വളഞ്ഞു. വക്കീലിനെയും അൻസിയെയും വിലങ്ങു വെച്ച് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, എബി രാമകൃഷ്ണനെ ഫോണിൽ വിളിച്ചു.
“സാർ… പേടിക്കണ്ട. ശരണ്യ സുരക്ഷിതയാണ്. ആ വ്യാജ രേഖകളെല്ലാം എന്റെ കയ്യിലുണ്ട്. നിങ്ങൾ നാളെ ഓഫീസിൽ വന്ന് സത്യം പറഞ്ഞാൽ മതി.”
രാമകൃഷ്ണന്റെ മറുപടിയ്ക്കായി കാത്തുനിൽക്കാതെ എബി വർഷയെ വിളിച്ചു. “വർഷേ… വക്കീലിന്റെ കളി അവസാനിച്ചു. ഇനി നമുക്ക് സമാധാനമായി ഉറങ്ങാം.”
ഗോഡൗണിന് പുറത്ത് കടൽക്കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു. എബി തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ സണ്ണി അരികിൽ വന്നു. “എബി… ഇനി നമ്മൾ എങ്ങോട്ടാ?”
“ഇതൊരു തുടക്കം മാത്രമാണ് സണ്ണീ… കൊല്ലം നഗരത്തെ വൃത്തിയാക്കാൻ ഇനിയും ഒരുപാട് ചപ്പുചവറുകൾ ബാക്കിയുണ്ട്.”
രാജ്‌മോഹന്റെയും വക്കീലിന്റെയും തകർച്ചയ്ക്ക് ശേഷം വർഷയുടെ വിവാഹക്കാര്യത്തിൽ വീട്ടുകാർക്ക് വലിയൊരു സമ്മർദ്ദമുണ്ടായിരുന്നു. നിഖിൽ നേരത്തെ വില്ലൻ പക്ഷത്തായിരുന്നെങ്കിലും, അവസാന നിമിഷം എബിയെ സഹായിച്ചതും രാജ്‌മോഹന്റെ രഹസ്യങ്ങൾ ചോർത്തി നൽകിയതും പരിഗണിച്ച് എബി തന്നെയാണ് ഈ വിവാഹത്തിന് മുൻകൈ എടുത്തത്. വർഷയുടെ സുരക്ഷയും സന്തോഷവും മുൻനിർത്തി എബി എടുത്ത ആ തീരുമാനം എല്ലാവരെയും അമ്പരപ്പിച്ചു.
