“എബി… നീ അവരെ വെറുതെ വിട്ടു. നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിലും ഒരുപക്ഷേ അങ്ങനെ ചെയ്യുമായിരുന്നു. നീ വലിയവീട്ടിലെ ഇളമുറക്കാരനാണ്, നിനക്ക് ചില അന്തസ്സുകളുണ്ട്. പക്ഷേ ഞാൻ അങ്ങനെയല്ല… എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും മുഖമായിരുന്നു മനസ്സിൽ. അവരെ ചതിച്ചു കൊന്നവർ ഈ മണ്ണിൽ ഇനി ജീവിക്കാൻ പാടില്ലായിരുന്നു.”
എബി പതുക്കെ സണ്ണിയുടെ തോളിൽ കൈവെച്ചു. “ഞാൻ അവരെ വെറുതെ വിട്ടത് അവരോടുള്ള സ്നേഹം കൊണ്ടല്ല സണ്ണീ… നിയമത്തിന് മുന്നിൽ അവർ ഇഞ്ചിഞ്ചായി മരിക്കുന്നത് കാണാനായിരുന്നു. പക്ഷേ, വിധി നീ നടപ്പിലാക്കി. നീ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് പറയാൻ ഞാൻ ആളല്ല.”
“നീ എന്നെ അറസ്റ്റ് ചെയ്യുമോ എബി?” സണ്ണി നേരെ എബിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
എബി ഒരു നിമിഷം കടലിലേക്ക് നോക്കി നിന്നു. പിന്നെ പതുക്കെ ഒരു പുഞ്ചിരിയോടെ പറഞ്ഞു, “കൊല്ലം സിറ്റിയിലെ പോലീസ് റെക്കോർഡ്സ് അനുസരിച്ച് മാത്യു വക്കീലും അൻസിയും ഒരു കാർ അപകടത്തിലാണ് മരിച്ചത്. അവരുടെ ശത്രുക്കൾ ഒരുപാട് പേരുണ്ട്, ആർക്കും അവരെ കൊല്ലാം. സണ്ണി എന്റെ കൂടെ വലിയവീട്ടിലേക്ക് വരുന്നു… മുത്തശ്ശനും കുടുംബവും നിന്നെ കാത്തിരിക്കുകയാണ്.”
സണ്ണിയുടെ കണ്ണുകൾ നിറഞ്ഞു. എബി തന്നെ കൈവിടില്ലെന്ന് അവന് ഉറപ്പായിരുന്നു. എബി തന്റെ ബൈക്കിന്റെ കീ സണ്ണിക്ക് നേരെ എറിഞ്ഞു കൊടുത്തു.
“ബൈക്ക് നീ ഓടിച്ചോ… എനിക്ക് അൽപനേരം ഈ കടൽക്കാറ്റേറ്റ് ഇരിക്കണം.”
