പുള്ളിക്കാരിയുടെ കെട്ടിയോൻ തെങ്ങിൽ നിന്ന് വീണു കിടപ്പിലാണ്. തയ്യൽ മെഷീനുകളുടെ കട കട ശബ്ദത്തേക്കാൾ ഉച്ചത്തിൽ ആയിരിക്കും എപ്പോഴും ഷൈല ചേച്ചിയും സന്ധ്യ ചേച്ചിയും വർത്താനം പറയുന്നത്. മെഷീന്റെ ഒച്ച ഇല്ലാത്തപ്പോൾ മാത്രമേ സുജ ചേച്ചിയുടെ ശബ്ദം കേൾക്കാൻ പറ്റൂ. ഒരു ദിവസം ഷൈല ചേച്ചിയുടെ വീട്ടിലേക്ക് ചെന്നപ്പോൾ സന്ധ്യ ചേച്ചിയുടെ അടക്കി ഉള്ള സംസാരം ഞാൻ കേട്ടു.
അല്ലാത്തപ്പോൾ ഉറക്കെ സംസാരിക്കുന്ന അവരുടെ അടക്കിപ്പിടിച്ചുള്ള വർത്താനം കേട്ടപ്പോൾ അത് എന്തോ രഹസ്യം ആണെന്നും അത് ഒളിഞ്ഞു കേൾക്കാനും എന്റെ മനസ്സ് പറഞ്ഞു. അങ്ങനെ ആ സത്യം ഞാൻ മനസ്സിലാക്കി. എന്റെ ‘അമ്മ മുംബൈ യിൽ ജയിലിൽ ആണ്. അവിടെ വീട്ടുജോലിക്ക് അല്ല ‘അമ്മ പോയത്.
മുംബൈ തെരുവുകളിൽ ശരീരം വിൽക്കുന്ന നൂറുകണക്കിന് ലൈംഗിക തൊഴിലാളികളിൽ ഒരാളാണ് എന്റെ ‘അമ്മ. കുറച്ചു മാസങ്ങൾക്ക് മുന്നേ ഒരു റെയ്‌ഡിൽ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലേക്ക് വിട്ടിരിക്കുന്നു അമ്മയെ. ജാമ്യത്തിൽ എടുക്കാൻ ആളില്ലാത്ത കൊണ്ടും കൊടുക്കാൻ ക്യാഷ് ഇല്ലാത്തതു കൊണ്ടും അമ്മക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഞാൻ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് തിരിച്ചു പോന്നു.
കുറേനേരം നിലത്തു കുത്തിയിരുന്ന് ഞാൻ കരഞ്ഞു. മാമി കുഞ്ഞന് പനി ആയിട്ട് ആശുപത്രിയിൽ പോയപ്പോൾ ദീപുവിനെയും കൊണ്ട് പോയി. അത്കൊണ്ട് എനിക്ക് മനസ്സ് തുറന്നു കരയാനും പറ്റി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റ് മുഖം കഴുകി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു. ഒന്നും അറിയാത്ത പോലെ ഞാൻ എന്റെ തയ്യൽ ജോലികളിലേക്ക് കടന്നു. ചേച്ചിമാരും ഒന്നും അറിയാത്തപോലെ എന്നോട് മിണ്ടാനും തൈക്കാനും തുടങ്ങി.

കൊള്ളാം നല്ല കഥ.