എല്ലാവരെയും കുറിച്ച് ചിറ്റ പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്. ഇവിടെ എനിക്ക് കൂട്ടിന് പറ്റിയ ആരുമില്ല. എല്ലാം പെൺകുട്ടികൾ ആണ്. മായചിറ്റയുടെ മോൻ രഞ്ജിത്ത് ചേട്ടൻ ആണേൽ ഗൾഫിലും. പിന്നെ ഉള്ള ആൺതരി സന്ധ്യ പേരമ്മയുടെ മോൻ ഗോകുൽ ആണ്. അവനാണേൽ തീരെ ചെറിയ കുട്ടിയാണ്. എനിക്ക് കൂട്ട് കൂടാൻ ഉള്ളതില്ല.. ഇവിടെ ഒറ്റപ്പെടുമല്ലോ എന്നോർത്തു ഞാൻ ഉള്ളിൽ ദുഖിച്ചു..
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് അങ്ങോട്ട് വേറൊരാൾ അലക്കാൻ വരുന്നത്. അവരെ കണ്ടതും മായച്ചിറ്റ ബക്കറ്റുമായി കയറി പോയി. അവരോട് മിണ്ടുകയോ ചിരിക്കുകയോ ഒന്നും ചെയ്തില്ല. രണ്ട് പേരും അത്ര രസത്തിലല്ല എന്ന് എനിക്ക് തോന്നി. ആ വന്ന ആളായിരുന്നു സന്ധ്യ പേരമ്മ. പേരമ്മ ഇവിടെ ആരുമായിട്ടും അത്ര രസത്തിൽ അല്ല. പെട്ടന്ന് വഴക്ക് ഉണ്ടാക്കുന്ന സ്വഭാവം ആണ് അവരുടേത്…
അലക്കുന്നതിന് ഇടയിൽ അവരും എന്നോട് കുശലം ഒക്കെ ചോദിക്കാൻ തുടങ്ങി. എന്റെ നാടിനെ കുറിച്ചും ബന്ധുക്കളെ കുറിച്ചും എല്ലാം അവർ ചികഞ്ഞു ചോദിച്ചു. എനിക്ക് ബുദ്ധിമുട്ട് ആകുമെന്ന് കരുതി സുലോചന അമ്മ പോലും അതിനെ പറ്റി ഒന്നും ഇത് വരെ ചോദിച്ചിരുന്നില്ല. ഇവർക്ക് പക്ഷെ അതൊന്നും എന്നോട് ചോദിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. വളരെ താല്പര്യത്തിൽ അവർ അതൊക്കെ എന്നോട് ചോദിച്ചു അറിഞ്ഞു..
അവരോട് സംസാരിച്ചു കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട എന്ന് കരുതി ഞാൻ പെട്ടന്ന് കുളി കഴിഞ്ഞു കേറി പോന്നു.. വീട്ടിൽ വന്നപ്പോൾ അവിടെ ഒരു കൊച്ചു കുട്ടി മെല്ലെ പിച്ച വച്ചു നടക്കുന്നത് ഞാൻ കണ്ടു. സ്നേഹ ചേച്ചി അവനെ കളിപ്പിക്കുകയാണ്.. രമ്യ ചേച്ചിയുടെ മോനാണ്.. ഞാൻ ഡ്രസ്സ് മാറി വന്നു. ഇവിടെ എനിക്ക് വേണ്ടി രണ്ട് മൂന്ന് നിക്കർ വാങ്ങിച്ചു വച്ചിരുന്നു എങ്കിലും ഞാനത് ഇട്ടില്ല. എന്റെ കയ്യിൽ ഇരുന്ന കാവി മുണ്ട് എടുത്തു ചുറ്റി. നിക്കർ ഇട്ടു നടക്കാൻ ഞാൻ എന്താ കൊച്ചു കുട്ടിയാണോ..? ഇവിടെ ഉള്ള എല്ലാവരും എന്നെ തീരെ ചെറിയ കുട്ടിയെ പോലെ കാണുന്നു എന്നെനിക്ക് തോന്നി..
ഈ ആഴ്ച കാണുമോ