ഞാൻ ബോൾ എന്റെ വിരലുകൾക്ക് ഇടയിൽ ഒരു പ്രത്യേക രീതിയിൽ വച്ചു. എന്റെ നാട്ടിൽ നല്ലത് പോലെ പന്തെറിയുന്ന ഒരു ചേട്ടനുണ്ട്. ഉണ്ണി എന്ന് പേര്. പുള്ളി ആണ് ബോളിങ്ങിൽ എന്റെ ആശാൻ. പുള്ളി പഠിപ്പിച്ച തന്ത്രങ്ങൾ ഇപ്പോളും എന്റെ തലയ്ക്കു ഉള്ളിൽ ഉണ്ട്.. ഞാൻ മെല്ലെ ഓടി തുടങ്ങി
പന്ത് എന്റെ കയ്യിൽ നിന്നും മുന്നിലേക്ക് കുതിച്ചു. കുറച്ചു നീങ്ങിയാണ് പന്ത് കുത്തിയത്. വൈഡ് പോകാൻ ചാൻസ് ഉള്ളത് പോലെ. അത് കരുതി ബാറ്റ്സ്മാൻ ആ പന്ത് നേരിടേണ്ട എന്ന് വച്ചു. പക്ഷെ അയാൾക്ക് തെറ്റി
കുത്തി കഴിഞ്ഞു മുന്നോട്ടു പോകുന്നതിന് പകരം പന്ത് വായുവിൽ തിരിഞ്ഞു സ്റ്റമ്പിലേക്ക് വന്നു. നല്ല വേഗത കൂടി ഉണ്ടായിരുന്ന കൊണ്ട് പുള്ളിക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല.. ബൗൾഡ്..!
കല്ലിൽ കുത്തി മാത്രം പന്ത് തിരിക്കാൻ അറിയുന്ന പൊന്മലക്കർ അന്ന് ആദ്യമായ് വായുവിൽ പന്ത് തിരിക്കുന്ന ഒരുവനെ കണ്ടു ഞെട്ടി. ഉള്ളിൽ സഹീർ ഖാനെ ആവാഹിച്ച ആ മൂർത്തിയുടെ പേര് നന്ദഗോപൻ എന്നായിരുന്നു.. റബ്ബർ പന്ത് സ്വിങ് ചെയ്യിക്കുന്ന ആ മാന്ത്രികനേ അവർ ആവേശത്തോടെ എടുത്തുയർത്തി…
‘മതിയെടാ.. മതി.. നമ്മൾ ജയിച്ചു..’
ശാന്തൻ ചേട്ടൻ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു
‘ഇനിയും മൂന്ന് പേരൂടെ ഉണ്ട്..’
ഞാൻ പറഞ്ഞു
‘ഏഴ് റൺസും..’
അജിത് കൂട്ടത്തിൽ പറഞ്ഞു
‘അടുത്ത ഓവർ ഞാൻ ചെയ്യാം. ഏഴ് റൺസ് അവന്മാർ എടുക്കാതെ ഞാൻ നോക്കാം..’
ശാന്തൻ ചേട്ടൻ പറഞ്ഞു
ഈ ഓവറിൽ തന്നെ കളി ജയിക്കാൻ കട്ടമ്മല ടീം തീർച്ചപ്പെടുത്തി. അതിനടുത്ത ഓവർ ഞാൻ തന്നെ ചെയ്യും എന്ന് അവർക്ക് അറിയാം. അതിന് മുന്നേ അവർക്ക് ജയിക്കണം..

എവിടെ ബ്രോ