“ഈ നാട്ടിൽ പുതുതായി ആരെങ്കിലും താമസത്തിന് വന്നിട്ടുണ്ടോ?”
ഉണ്ട് സർ. ഹാരിസൺ സായിപ്പ്. എന്തോ മരുന്നു കണ്ടുപിടിക്കാൻ വന്നതാണ്.
“അയാളെവിടെയാണ് താമസം? ”
നാട്ടുകാർ ഹാരിസണിന്റെ ബംഗ്ലാവ് പറഞ്ഞു കൊടുത്തു. ഇൻസ്പെക്ടർ ഡ്രൈവറോട് ജീപ്പ് അങ്ങേട്ടു വിടാൻ ആവശ്യപ്പെട്ടു.
ഇൻസ്പെക്ടർ ചെല്ലുമ്പോൾ ഹാരിസൺ (നെക്കാർഡോ ജൂലിയസ്) എസ്റ്റേറ്റ് മാനേജർ ജെയിംസുമായി സംസാരിച്ചിരിക്കുകയായിരുന്നു. അവർ ഇൻസ്പെക്ടറെ സ്വാഗതം ചെയ്തു.
തൊപ്പിയൂരി ടീപ്പോയിൽ വെച്ച ശേഷം തലമുടി കോതിക്കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു.
“കഴിഞ്ഞ ദിവസം ഇവിടെ ഒരു ദുർമ്മരണം നടന്ന വിവരം അറിഞ്ഞു കാണുമല്ലോ. അതിനെക്കുറിച്ച് ചിലത് ചോദിച്ചറിയാനാണ്.”
“അറിഞ്ഞു. വളരെ ദൌർഭാഗ്യകരമായിപ്പോയി. പക്ഷേ അതിൽ ഞങ്ങളെന്തു പറയാൻ.” ജെയിംസ് ചോദിച്ചു.
“പോലീസായിപ്പോയില്ലേ മിസ്റ്റർ ജെയിംസ്. എല്ലാ വശങ്ങളും തിരക്കണമല്ലോ.”
“അതു ശരിയാണല്ലോ. എന്താണ് താങ്കൾക്ക് അറിയേണ്ടത്. ചോദിച്ചോളൂ.” ഹാരിസൺ പറഞ്ഞു.
“മിസ്റ്റർ ഹാരിസണിന്റെ സ്വദേശം എവിടെയാണ്? ” ഇൻസ്പെക്ടർ അശോക് ചോദിച്ചു.
“ജർമ്മനി”
“പക്ഷേ നിങ്ങൾ മലയാളം നല്ലവണ്ണം പറയുന്നുണ്ടല്ലോ.”
ഹാരിസൺ ചിരിച്ചു. “ഞാൻ പകുതി മലയാളിയാണ്. അമ്മ വഴി.”
“ഐ സീ. ഇന്നലെ രാത്രി നിങ്ങൾ വീട്ടിൽത്തന്നെ ഉണ്ടായിരുന്നോ?”
“എന്താ ഇൻസ്പെക്ടർ നിങ്ങൾ ഹാരിസണിനെ സംശയിക്കുകയാണോ.” ജെയിംസ് ഇടപെട്ടു. “ഇന്നലെ രാത്രി ഹാരിസൺ എന്നോടൊപ്പം ഉണ്ടായിരുന്നു. ഏതാണ്ട് രണ്ടു മണിയോടടുത്താണ് ഞങ്ങൾ പിരിഞ്ഞത്.”
“സംശയിക്കുമ്പോൾ എല്ലാവരേയും സംശയിക്കാം.”
