“ ചേച്ചി വലിയ അഭിമാനിയാണെന്ന്… “
മല്ലിക മറുപടിയായി ചിരിച്ചു……
“” മൂന്നാലു ദിവസം ഞാൻ ഇവിടുണ്ടാകും…… എനിക്കും വല്ലതും കഴിക്കണം…… ഉമയേപ്പോലെ ഞാനും അഭിമാനിയാ………. “”
ഗിരിയും ചിരിച്ചു…
“ അതവള് വൈകുന്നേരം വരുമ്പോൾ നേരിട്ടു പറഞ്ഞാൽ മതി… “
മല്ലിക സാധനങ്ങളടങ്ങിയ കവറുകളുമായി അകത്തേക്ക് പോകുന്നതിനിടയിൽ പറഞ്ഞു.
ഉമയെ അവർക്കും പേടിയാണെന്ന് ഗിരിക്കു മനസ്സിലായി……
ഗിരി വീണ്ടും അരഭിത്തിയിലേക്കിരുന്നു……
ഇറച്ചിയുടെ മണം കിട്ടിയതിനാൽ നായ പതിയെ മുഖമുയർത്തി…
ഗിരി ഒന്ന് വിരൽ ഞൊടിച്ചതും നായ വാലാട്ടി…
പുതിയ ആളാണ് ഇറച്ചി കൊണ്ടുവന്നത് എന്ന് ചിന്തിക്കാനുള്ള ബോധമൊക്കെ പട്ടിക്കുമുണ്ടായിരുന്നു…
പത്തു മിനിറ്റിനകം വീണ്ടും ഒരു ഗ്ലാസ്സ് ചായ കൂടി എത്തി..
അതിൽ പഞ്ചസാര ചേർത്തിട്ടുണ്ടാകുമെന്ന് ഗിരിക്ക് ഉറപ്പായിരുന്നു……
“” എന്തിനാ ഈ കോഴിക്കാലൊക്കെ…?””
ചായ അരഭിത്തിയിൽ വെച്ച് മല്ലിക ചോദിച്ചു..
“” ഇന്നലെ ഞാനിവനൊരു തൊഴി കൊടുത്തിരുന്നു.. അവനും ഹാപ്പിയായിക്കോട്ടെ…………”
ഗിരി പട്ടിയെ നോക്കി പറഞ്ഞു……
“” ഇന്നലെ വീടെങ്ങനെ കണ്ടുപിടിച്ചു… ? “”
“” ഒരാളെ വഴിയിൽ വെച്ച് കണ്ടു… അയാൾ താഴെ വരെ ഉണ്ടായിരുന്നു… “
“” ആര്……..? സോമനോ………?””
മല്ലിക എടുത്തു ചോദിച്ചു…
“” പേരൊന്നും ഞാൻ ചോദിച്ചില്ല…””
“” അയാൾ തന്നെയാകും…: “
മല്ലിക പറഞ്ഞതും അകത്തു നിന്ന് വിളി കേട്ടു..
“” അമ്മേ… ഇത് മതിയോ… ?””
മല്ലിക വേഗം അകത്തേക്ക് കയറിപ്പോയി…
രണ്ടു മിനിറ്റ് കഴിഞ്ഞ് അമ്പൂട്ടൻ ഇരു ചുമലുകളിലും കണ്ണുകൾ തുടച്ച് വരുന്നത് കണ്ടു…
അവൻ സവാള അരിഞ്ഞു കഴിഞ്ഞുള്ള വരവാണെന്ന് ഗിരിക്ക് മനസ്സിലായി……
ഗിരിയെ ശ്രദ്ധിക്കാതെ അവൻ നേരെ പുറത്തേക്കാണ് പോയത്……
തിരികെ വന്നത് കറിവേപ്പിലയുമായിട്ടായിരുന്നു…
“” സ്കൂളിൽ പോണില്ലേ…: ?”
അവൻ കയറി വന്നതും ഗിരി ചോദിച്ചു…
“” ഇന്ന് പോകണ്ടാന്ന് അമ്മ പറഞ്ഞു … “
പറഞ്ഞിട്ട് അവൻ അകത്തേക്ക് കയറിപ്പോയി…
ഗിരി ചായ കുടി കഴിഞ്ഞ് ഗ്ലാസ്സ് തിരികെ വെച്ച് മുറ്റത്തേക്കിറങ്ങി…
ചണച്ചാക്കിൽ നിന്ന് നായയും എഴുന്നേറ്റു…
അകത്ത് മസാലയുടെ ഗന്ധം പരന്നു തുടങ്ങി…