നീളത്തിൽ ഫ്ലാഷ് ഒന്ന് നീട്ടിയടിച്ച് വഴി പരിശോധിച്ച ശേഷം അവൻ പതിയെ ഒതുക്കുകല്ലുകൾ കയറി ….
വീട്ടിലേക്ക് അടുക്കുന്തോറും വഴിയുടെ വശങ്ങളിലായി നിന്ന പൂച്ചവാലൻ ചെടികൾ അവന്റെ ദേഹത്തുരുമ്മി……
അവസാന പടിയും കയറി ഗിരി മുറ്റത്തെത്തി..
അടുത്ത നിമിഷം ഒരു നായ കുരച്ചു കൊണ്ട് അവനടുത്തേക്ക് വന്നു…
വലിയ വലുപ്പമില്ലാത്ത ഒരു നായ…….!
ഒന്നു ഞെട്ടിയ ഗിരി ഷോൾഡർ ബാഗ് ഊരി പട്ടിയുടെ നേരെ വീശി…
അതൊന്നു കൂടി അവനു നേരെ ചാടി..
കാൽ വീശി, അവൻ ഒരു തൊഴി കൊടുത്തതും പട്ടി മോങ്ങിക്കൊണ്ട് , തിണ്ണയ്ക്ക് താഴെ, പടികളോട് ചേർന്നുള്ള ഇളം തിണ്ണയിലെ ചണച്ചാക്കിൽ കയറിയിരുന്ന് മുരണ്ടുകൊണ്ടിരുന്നു……
ഇവിടെ ആരുമില്ലേ……?
ഗിരി ഒന്ന് സംശയിച്ചു……
ലൈറ്റ് മൂന്ന് ഭാഗത്തും തെളിഞ്ഞു കിടപ്പുണ്ട്……
ഓടിട്ട വീടാണ്…
ജനലുകളും വാതിലും അടഞ്ഞു തന്നെ… !
അവൻ മുന്നോട്ടാഞ്ഞപ്പോൾ മുറ്റത്ത് നീളത്തിൽ കെട്ടിയ അഴ മുഖത്തു തട്ടി……
ജയിലിൽക്കിടക്കുന്ന സുധാകരേട്ടന്റെ പേരെടുത്ത് വിളിക്കാൻ നിർവ്വാഹമില്ല…
വീട്ടിലുള്ളവരുടെ പേര് അറിയാനും വയ്യ… !
പട്ടി കുരച്ചിട്ടും ആരും വാതിൽ തുറന്ന് വരാത്തതിൽ ഗിരിക്ക് അത്ഭുതം തോന്നി…
ഇനി വീട്ടിലുള്ളവർ ഉറക്കമായോ എന്നൊരു സംശയം അവനുണ്ടായി……
അവൻ പതിയെ പടിയിലേക്ക് കയറിയതും നായ ഒന്നുകൂടി മുരണ്ടു…
അവൻ തിണ്ണയിലേക്ക് കയറി…
തന്റെ സ്ഥലം കയ്യടക്കാൻ വന്നയാളല്ല, എന്നത് മനസ്സിലാക്കിയാകണം നായ ചണച്ചാക്കിലേക്ക് തന്നെ ചുരുണ്ടു കൂടി..
ഒരു മടക്കു കട്ടിൽ തിണ്ണയിൽ ചാരി വെച്ചിട്ടുണ്ടായിരുന്നു……
കസേരയില്ല……….
എതിർ ഭാഗത്തുള്ള ചെറിയ മുറി പൂട്ടിയിട്ടിരിക്കുന്നു…
വീതി കുറഞ്ഞ ഒരു അരഭിത്തി…
അതിലേക്ക് ബാഗ് വെച്ച ശേഷം ഗിരി വാതിലിനടുത്തേക്ക് ചെന്നു…
മൂന്നാലു തവണ മുട്ടിയിട്ടും ഒരു പ്രതികരണവും അകത്തു നിന്ന് ഉണ്ടായില്ല..
ഗിരി ചെവി വട്ടം പിടിച്ചു…
എഫ്.എം റേഡിയോ പാടുന്നുണ്ട് …
“” കേൾക്കൂ.. കേൾക്കൂ… കേട്ടുകൊണ്ടിരിക്കൂ…””
പരസ്യ വാചകം കേട്ടുകൊണ്ട് ഗിരി അരഭിത്തിയിൽ ചെന്നിരുന്നു…
രാത്രി വന്നു കയറിയത് അബദ്ധമായെന്ന് അവനു തോന്നി……
രാത്രിയായിപ്പോയതാണ്…
ക്ഷീണമുണ്ട്……….
ബസ്സിലിരുന്നതിന്റെ ശരീര വേദനയുമുണ്ട്…