അകത്തേക്കു കയറുന്നതിനിടെ അമ്പൂട്ടൻ പിറുപിറുത്തു…
ഗിരി പതിയെ മുറ്റത്തേക്കിറങ്ങി…
നായ അവനെ ഒന്ന് നോക്കിയ ശേഷം വീണ്ടും ചുരുണ്ടു കൂടി…
“” ചായക്ക് മതുരമില്ലേ അമ്മേ… ?””
“” പഞ്ചാര തീർന്നു…… “
“” എന്നാലെനിക്കു വേണ്ട… “
അകത്തെ സംഭാഷണം ഗിരിക്ക് കേൾക്കാമായിരുന്നു…
കുഴി കുത്തി പടുതയിറക്കിയിട്ട ടാങ്കിലേക്ക് ഹോസിൽ നിന്ന് വെള്ളം ചാടുന്നുണ്ടായിരുന്നു…
ചിലപ്പോൾ ശക്തിയായും പതുക്കെയും വെള്ളം വരുന്നതിനനുസരിച്ച്, ഹോസ് കുത്തി നിർത്തിയ കമ്പിൽക്കിടന്ന് തുള്ളി വിറച്ചു കൊണ്ടിരുന്നു……
ഒരു നിമിഷം അത് നോക്കി നിന്ന ശേഷം ഗിരി, അടുത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കപ്പെടുത്ത് മുഖം കഴുകി…
തണുത്ത വെള്ളം…….!
ഒരു കൊതി തോന്നിയ ഗിരി ഹോസിൽ നിന്ന് കപ്പിലേക്ക് കുറച്ചു വെള്ളം പിടിച്ച് കുടിച്ചു…
ശരീരത്തിനകത്തു കൂടെ ഒരു കുളിർ പാഞ്ഞിറങ്ങിയ പോലെ ഗിരി ചെറുതായി ഒന്നു വിറച്ചു……
മുടിയിഴകൾ കൂടി നനഞ്ഞ വിരലാൽ ഒന്ന് കോതിയെടുത്ത് ഗിരി നിവർന്നു…
തന്നെ നോക്കി നിൽക്കുന്ന അമ്പൂട്ടനെ അവൻ കണ്ടു..
പാന്റുയർത്തി കാൽപാദങ്ങളിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഗിരി അവനടുത്തേക്ക് ചെന്നു……
നായ കിടക്കുന്നതിന്റെ അപ്പുറത്തു നിന്ന് ഹോസ് വൃത്താകൃതിയിലാക്കിയ വണ്ടിയും മരക്കമ്പിൽ കുടക്കമ്പി വളച്ച കൊക്കയുമെടുത്ത് അമ്പൂട്ടൻ തിരിഞ്ഞു……
“” അമ്പൂട്ടൻ എവിടേക്കാ… ?””
തന്നെ പേരു വിളിച്ചു കാര്യം തിരക്കിയ ഒരു സന്തോഷം ഗിരി അവന്റെ മുഖത്തു കണ്ടു……
“ ലോൺ പൈസ കൊടുക്കണം…… “
“” ഞാനുമുണ്ട്……. “
ഗിരി തിണ്ണയിൽ കയറി ബാഗിൽ നിന്ന് പേഴ്സെടുത്ത് കീശയിൽ തിരുകി……
“” എന്തെങ്കിലും വാങ്ങണോന്ന് അമ്മയോട് ചോദിച്ചിട്ടു വാ……. “
ഗിരി കുനിഞ്ഞ് അവന്റെ ചെവിയിൽ പറഞ്ഞു……
“” ഇവിടെ ഒന്നും വാങ്ങാനില്ല… വൈകിട്ട് ചേച്ചി വാങ്ങിച്ചോളും… “
അഭിമാനം അടിയറ വെക്കാൻ ഇഷ്ടമില്ലാതെ അമ്പൂട്ടൻ പറഞ്ഞു……
ഗിരി പിന്നെ ഒന്നും മിണ്ടിയില്ല……
അമ്പൂട്ടനു പിന്നാലെ ഗിരിയും ഒതുക്കുകളിറങ്ങി……
പകൽ വെളിച്ചത്തിൽ താൻ രാത്രി വന്ന വഴി ഗിരി കണ്ടു…
കൃഷിയിടങ്ങളാണ് അധികവും……
ജാതിയും കൊക്കോയും ഇടകലർന്നു നിൽക്കുന്നു..