മല്ലിക തിരിഞ്ഞു…
“” ങ്ഹാ… ഗിരിയേ… …. “
അവൾ പെട്ടെന്ന് ഓർത്ത് തിരിഞ്ഞു…
“” ഞാനീ സങ്കടം പറഞ്ഞ കാര്യമൊന്നും ഉമയറിയണ്ട ട്ടോ…””
“” പിന്നേ… വെട്ടു പോത്തിനടുത്ത് വേദമോതാൻ പോകുവല്ലേ ഞാൻ…”
ഗിരി തിരിഞ്ഞു നിന്ന് ചിരിച്ചു…
മല്ലികയും ചിരിച്ചു……
“” പാവമാ… …. ഓരോന്നൊക്കെ ആലോചിച്ച് അങ്ങനെയായിപ്പോയതാ… …. “
ഗിരി ഒതുക്കുകളിറങ്ങിയതും ജാക്കിയും പിന്നാലെ ഇറങ്ങി…
കവലയിലേക്ക് തിരിയുന്ന വഴിയിൽ ജാക്കി നിന്നു…
ഗിരി അവനെ വിളിച്ചെങ്കിലും നായ കൂടെപ്പോയില്ല…
വൈകുന്നേരമായിരുന്നു…
വഴിയരികിൽ കണ്ട ഒന്നുരണ്ടു പേർ അവനോട് പരിചയമുള്ളതു പോലെ ചിരിച്ചു കടന്നു പോയി…
“മിഷൻ സോമൻ “” എല്ലാവരും അറിഞ്ഞിട്ടുണ്ടെന്ന് അവന് മനസ്സിലായി……
അങ്ങാടിയിൽ അവിടിവിടെയായി പത്തോ പതിനഞ്ചോ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ……
ഗിരി കഴിഞ്ഞ ദിവസം കയറിയ ചായക്കടയിലേക്ക് കയറി…
ചില്ലലമാരിയിൽ കായപ്പവും പഴംപൊരിയും അടുക്കി വെച്ചിട്ടുണ്ടായിരുന്നു……
കടക്കാരനും അവനെ നോക്കി പുഞ്ചിരിച്ചു…
രണ്ട് പേർ അകത്തിരുന്ന് ചായ കുടിക്കുന്നു…
“” ചായയല്ലേ…..?:””
കടക്കാരൻ ഗിരിയെ നോക്കി…
“” ആയ്ക്കോട്ടെ……. “
ഗിരി ടാർ റോഡ് കാണുന്ന വിധം ഒരു കസേരയിലേക്ക് ഇരുന്നു…
“” സുധാകരന്റെ ആരാ…….? “”
കടക്കാരൻ ചായയുമായി വന്നു……
“” എന്റെ അമ്മാവനായിട്ടു വരും… “
മല്ലിക പറഞ്ഞ കാര്യം ഗിരിക്ക് ഓർമ്മയുണ്ടായിരുന്നു…
“” കാര്യം ചെയ്തതൊക്കെ നല്ലതാ… ആ പിള്ളേർക്കാണേൽ ആരുമില്ല … പക്ഷേ, റാവുത്തർമാരുടെ പണിക്കാരോടു പോലും ഇവിടാരും ഇടയാൻ നിൽക്കാറില്ല … “
കടക്കാരൻ പറഞ്ഞു……
“” ഒരു പഴം പൊരി തന്നേരേ ചേട്ടാ… “
ഗിരി പുഞ്ചിരിയോടെ പറഞ്ഞു…
കടക്കാരൻ സ്‌റ്റീൽപ്ലേറ്റിൽ പഴം പൊരി എടുത്തു വെച്ചു…
ഇനി ഇയാളല്ലേ , സോമനെ തല്ലിയത് എന്നൊരു ചോദ്യം കടക്കാരന്റെ മുഖത്തുണ്ടായി……
റോഡിലൂടെ അമ്പൂട്ടനും മൂന്നാലു കുട്ടികളും നടന്നു വരുന്നത് ഗിരി കണ്ടു…
ഗിരി കടയുടെ വരാന്തയിലേക്കിറങ്ങി അമ്പൂട്ടനെ വിളിച്ചു…
ഗിരിയെ കണ്ടതും അത്ഭുതവും സന്തോഷവും ഒരേ സമയം അവനിലുണ്ടായി……
കൂട്ടുകാരോട് എന്തോ പറഞ്ഞ ശേഷം അവനോടി ഗിരിക്കരുകിലേക്ക് വന്നു…