ഒരു ഏഴ് എട്ട് മണിക്കൂർ യാത്ര കാണില്ലേ?
അവൾ ചോദിച്ചു.
കാണും. ട്രെയിൻ വല്ലതും നോക്കണം.
കുറെ സാധനങ്ങൾ ഇല്ലേ? ട്രെയിൻ വേണ്ട, വണ്ടി വിളിച്ച് പോയാൽ മതി.
ഞാൻ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമേ കൊണ്ടുപോകുന്നുള്ളൂ.
ആഹാ. അപ്പൊ വീട് ഒഴിയുമ്പോൾ ബാക്കിയുള്ളതൊക്കെ ഞാൻ തല ചോമടായി കൊണ്ടുവരണമാരിക്കും അല്ലെ?
അതോ നിനക്ക് ആവശ്യമുള്ളത് മാത്രം എടുത്തോണ്ട് പോയിട്ട് എന്നേം ബാക്കി സാധനങ്ങളും ഇവിടെ ഇട്ടിട്ടു പോവാനാന്നോ?
പോടീ, ചുമ്മാ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാതെ.
കുറച്ചു കൊള്ളട്ടെ. അങ്ങനെ ഞാൻ മാത്രം ദണ്ണപ്പെട്ടാൽ പോരല്ലോ.
നിനക്ക് എന്നാത്തിന്റെ ദെണ്ണമാ ഇപ്പൊ?
അറിയാൻ മേലായോ? എന്റെ കെട്ടിയോൻ പെർഷ്യക് പോവാ. അതിന്റെ ദേണ്ണം.
ഞാൻ വണ്ടി വിളിച്ച് പൊക്കോളാം. നിനക്ക് അധികം ലഗേജ് ഒന്നും ഇവിടെ വെക്കുന്നില്ല പോരെ.
എന്റേം കുറെ സാധനങ്ങൾ കൂടി നീ വണ്ടിയിൽ കൊണ്ട് പൊക്കോ. അതാകുമ്പോൾ എനിക്ക് കയ്യും വീശി അങ്ങ് വന്നാൽ മതിയല്ലോ.
ഓ ശെരി അമ്പ്രാട്ടി…
നിമ്മി തമ്പുരാട്ടി മോനെ, നിമ്മിത്തമ്പുരാട്ടി.
അവൾ പറഞ്ഞിട്ട് ഓടിവന്ന് എന്റെ മടിയിൽ കയറിയിരുന്നു. ഞാൻ അവളെ ചേർത്ത് കെട്ടിപ്പിടിച്ചു, ഞങ്ങൾ ഒന്നും മിണ്ടിയില്ല പക്ഷേ രണ്ടുപേരുടെയും വിഷമം ശ്വാസഗതിയിൽ അറിയുന്നുണ്ടായിരുന്നു.
ഞങ്ങൾ അങ്ങനെ തന്നെ കുറെ നേരം
ഒന്നും മിണ്ടാതെ ഇരുന്നു.
പോകുന്ന തലേ ദിവസം ഞങ്ങൾ രണ്ടുപേരും പാതിരാത്രി വരെ ഇരുന്ന് പാക്ക് ചെയ്തു. അതിരാവിലെ ഒരു വണ്ടി ബുക്ക് ചെയ്തിട്ടുണ്ട്. എനിക്ക് അധികം സാധനങ്ങൾ ഇല്ലെങ്കിലും വീട്ടിലെ സാധനങ്ങൾ കുറച്ച് കൊണ്ടുപോകാൻ ഉണ്ടായിരുന്നു.
ഞങ്ങൾ വാങ്ങിയ സോഫയും, ടേബിളും, ചെയറും എല്ലാം ഇവിടെത്തന്നെ വിൽക്കാൻ തീരുമാനിച്ചു. പുതിയ അപ്പാർട്ട്മെന്റിൽ അതെല്ലാം ഉണ്ട്, ഇവിടെ നിന്ന് ഇതൊക്കെ കൊണ്ടുപോയാലും അവിടെ ഇടാൻ സ്ഥലവുമില്ല.
നിമ്മിയുടെ കുറെ സാധനങ്ങളും തുണികളും ഞാൻ കൊണ്ടുപോകാൻ എടുത്തു. അവൾക്ക് കുറച്ചുനാൾ ഇവിടെ നിൽക്കാനുള്ളത് മാത്രം വെച്ചിട്ട് ബാക്കിയെല്ലാം പാക്ക് ചെയ്തു.
ഞാൻ അവളുടെ കബോർഡ് തുറന്നപ്പോൾ അവളുടെ ഷൂ കളക്ഷൻ കണ്ടു. കളക്ഷൻ എന്ന് പറയാനൊന്നുമില്ല നാലോ അഞ്ചോ ജോഡി. അതിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒരു തൂവെള്ള സ്നീക്കേഴ്സ് ആയിരുന്നു. അത് ചെളി പിടിക്കും എന്ന് പറഞ്ഞ് പുള്ളി ഇടാറ് പോലുമില്ല. എനിക്ക് അത് കണ്ടപ്പോൾ എന്തോ ഒരു വിഷമം തോന്നി. ഞാൻ അത് അവൾ കാണാതെ എടുത്ത് ഭദ്രമായി പാക്ക് ചെയ്ത് കൊണ്ടുപോകാനുള്ള ലഗേജിന്റെ കൂട്ടത്തിൽ വച്ചു.
