അരുന്ധതിയുടെ സഹായത്തോടെ അലീന മനുവിനെ പതിയെ താങ്ങിപ്പിടിച്ച് ആ വാകമരത്തിൽ ചാരി അതിൻ്റെ ഒരു തടിച്ച വേരിന്മേൽ ഇരുത്തി. എന്നിട്ട് പൊടുന്നനെ അരുന്ധതിയെ കെട്ടിപ്പിടിച്ച് അലീന അവളുടെ ഇരു കവിളത്തും മാറി മാറി ഉമ്മ വച്ചു. അലീനയുടെ അപ്രതീക്ഷിതമായ സ്നേഹപ്രകടനത്തിൽ ആദ്യം ഒന്ന് അമ്പരന്നെങ്കിലും അരുന്ധതി അവളുടെ കൈകളിൽ ഒതുങ്ങി നിന്നു കൊടുത്ത് അരുന്ധതി അവളുടെ നിറുകയിൽ മുത്തമിട്ടു.
തന്‍റെ കരവലയത്തിൽ നിന്നും അരുന്ധതിയെ മുക്തയാക്കിയപ്പോൾ അലീന കണ്ടത് ആശ്ചര്യജനകമായ ഒരു ദൃശ്യമാണ്. അരുന്ധതിയുടെ ഉടൽ ആകെ സ്വർണവർണമാർന്ന ഒരു പ്രഭാവലയം വന്ന് പൊതിയുന്നു!
അദ്ഭുതത്തോടെയും സന്തോഷത്തോടെയും അരുന്ധതി തന്‍റെ ദേഹത്തിനുണ്ടാകുന്ന മാറ്റം നോക്കിക്കണ്ടു. തന്നെ ശപിച്ച സിദ്ധൻ്റെ വാക്കുകൾ അവൾ ഓർമ്മിച്ചു: “നിഷ്കളങ്കസ്നേഹത്തിൻ്റെ ചുംബനം നിന്നെ ശാപമുക്തയാക്കും.” അതെ — സഹസ്രാബ്ദങ്ങളായി താൻ കാത്തിരുന്ന ആ ശുഭനിമിഷം വന്നെത്തിയിരിക്കുന്നു. തനിക്ക് ശാപമോക്ഷം കിട്ടുകയാണ്.
“അലീനാ … .” അരുന്ധതി വിളിച്ചു. സ്വർഗകന്യയുടെ ദിവ്യമാധുര്യമാർന്ന സ്വരം.
“എന്താ ചേച്ചീ?” ഒരു മോഹനിദ്രയിൽ എന്നതു പോലെ ആയിരുന്നു അലീന സംസാരിച്ചത്.
“കുട്ടി എന്നെ ശാപമുക്തയാക്കിയിരിക്കുന്നു. അലീനാ, മോളേ, നിനക്ക് നന്മകൾ ഉണ്ടാകട്ടെ. നിന്‍റെ പ്രണയിതാവായ ഈ മനുവിനോടൊപ്പം നീ ദീർഘസുമംഗലിയും സന്തുഷ്ടയും ആയി ജീവിക്കാൻ ഞാൻ അനുഗ്രഹിക്കുന്നു. ഒരിക്കലും അവനിൽ നിന്ന് നിനക്കോ നിന്നിൽ നിന്ന് അവനോ മനസ്സിന് ഒരു വിഷമവും ഉണ്ടാകാതെയിരിക്കട്ടെ.” അരുന്ധതി പറഞ്ഞു തീരുമ്പോഴേക്കും ആ സുവർണദ്യോതി അവളുടെ ശരീരത്തിനെ പൂർണമായും വലയം ചെയ്തിരുന്നു. അവളുടെ വസ്ത്രങ്ങൾ തൂവെള്ള നിറമാർന്ന് വെൺമഞ്ഞു പോലെ തിളങ്ങി. അലീനയെ നോക്കി അരുന്ധതി മന്ദഹാസം തൂകി. അവളെ പൊതിഞ്ഞിരുന്ന പ്രഭാവലയം ഒരു ക്ഷണനേരം ഒന്ന് തീക്ഷ്ണമായി ഉജ്ജ്വലിച്ചു. അടുത്ത നിമിഷം ആ പ്രകാശവും, ഒപ്പം അരുന്ധതിയും, അപ്രത്യക്ഷമായി.
അസ്തപ്രജ്ഞയായെന്നതു പോലെ, മഴയുടെ വെൺതിരശ്ശീലയ്ക്ക് അപ്പുറത്തെ ഇരുളിലേക്കു നോക്കിക്കൊണ്ട്, നടന്നതെല്ലാം സ്വപ്നമോ യാഥാർത്ഥ്യമോ എന്ന വിഭ്രമത്തിൽ ആണ്ട് അലീന നിന്നു. എപ്പോഴോ വീശിയ ഒരു മിന്നൽ അവളെ ഉണർത്തി. അതിന്‍റെ ഇടിമുഴക്കം ദിക്കുകളിൽ അലയടിക്കുമ്പോൾ അലീന സ്വയം അറിയാതെ എന്നതു പോലെ തൻ്റെ വലതുകൈത്തണ്ട ഉയർത്തി മുഖത്തിന് ഒപ്പം കൊണ്ടു വന്നു. അലീനയുടെ കണ്ണുകൾക്കു മുന്നിൽ അരുന്ധതി അവൾക്കു കൊടുത്ത സ്വർണക്കാപ്പ് അപ്പോഴും അതിന്മേൽ കിടന്ന് തിളങ്ങി.
??????
ഹൊ ഇത് ഒരുമാതിരി അന്യായ സാഹിത്യമായിപ്പോയി. കമ്പി ആസ്വതിക്കാൻ പറ്റാത്ത അത്ര സാഹിത്യം.
പണ്ട് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ്. ഇതൊന്ന് മനുഷ്യനു വായിക്കാൻ പറ്റുന്ന രീതിയിൽ ആക്കിയെടുക്കാൻ കുറേ എഡിറ്റിങ് വേണ്ടി വന്നു. എന്നാലും എൻ്റെ പഴയ ആ സങ്കീർണ്ണമായ എഴുത്തുശൈലിയുടെ പ്രേതം പൂർണമായും വിട്ടു മാറിയിട്ടില്ല.