“ ന്നോടാ ഓന് ദേഷ്യം… …. ഉപ്പയ്ക്കറിയോ, ഞാനെത്ര ദിവസായി ഉറങ്ങീട്ടെന്ന്… …. “
സുഹാന കണ്ണുനീരില്ലാതെ കരഞ്ഞു…
അബ്ദുറഹ്മാൻ അവളിൽ നിന്ന് മുഖം തിരിച്ചു……
“ ഓന്റുപ്പയുടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടിട്ടാ ഞാനോനെ………..””
ബാക്കി പറയാതെ സുഹാന തിരിഞ്ഞു നടന്നു……….
പാവം… ….!
അബ്ദുറഹ്മാൻ പിറുപിറുത്തു…
അയാൾ ചായക്കപ്പുമായി എഴുന്നേറ്റു…
പത്രം മടക്കി ചൂരൽക്കസേരയിലേക്ക് ഇട്ടു കൊണ്ട് അയാൾ ചായ ഒറ്റ വലിക്ക് കുടിച്ചു തീർത്ത് ഹാളിലേക്ക് കടന്നു……
ടേബിളിൽ ഗ്ലാസ്സ് വെച്ച ശേഷം അയാൾ പടികൾ കയറി…
അബ്ദുറഹ്മാന്റെ രണ്ടാമത്തെ വിളിക്ക് സൽമാൻ വാതിൽ തുറന്നു …
കരഞ്ഞതു പോലെയായിരുന്നു അവന്റെ മുഖം…
അയാൾ അകത്തേക്ക് കയറി …
“ അനക്കെന്തിയാ പറ്റിയത്……?”
അബ്ദുറഹ്മാൻ അവനെ നോക്കി……
“” ഒന്നുമില്ല ഉപ്പൂപ്പാ……””
സല്ലു പെട്ടെന്ന് മറുപടി പറഞ്ഞു……
“”ഇയ്യ്, തെറ്റ് ചെയ്തോ ഇല്ലയോ, എന്നല്ല.. ഒരുമ്മയ്ക്കും സഹിക്കാൻ പറ്റാത്ത കാര്യമാ അന്റുമ്മ കേട്ടത്……””
സല്ലു മുഖം താഴ്ത്തി…
“” ഇയ്യ് സലാലേൽക്കിടന്ന് കഷ്ടപ്പെട്ടതറിഞ്ഞിട്ട് , അന്റുപ്പാന്റെ ചീത്ത കേട്ടിട്ടാ ഓള് അന്നെ ഇവിടെ എത്തിച്ചേ… “
സൽമാൻ നേരിയ അവിശ്വസനീയതയോടെ മുഖമുയർത്തി……
സുഹാനയുടെ മുഖം സല്ലു വാതിൽക്കൽ കണ്ടു..
“” ഓളെപ്പോലെ ഒരുമ്മാനെ അനക്ക് കിട്ടൂല…… വെറുതെ ഓളെ വിഷമിപ്പിക്കണ്ട…”
പറഞ്ഞിട്ട് അബ്ദുറഹ്മാൻ തിരിഞ്ഞു..
പിന്നെ എന്തോ ഓർമ്മവന്നതു പോലെ ശിരസ്സു ചെരിച്ചു..
“ ഇതിനകത്ത് അടച്ചുപൂട്ടി ഇരിക്കാനാണോ ഇയ്യ് വന്നത്…… ?””
സല്ലു മുഖം കുനിച്ചു……
“” കളിക്കാനോ കുളിക്കാനോ എവിടാണെച്ചാ പൊയ്ക്കോ… അന്തിക്കു മുൻപ് പൊരേലെത്തിക്കോണം……….”
അതൊരു താക്കീതായിരുന്നു……
“ ഇവിടെയാരും ഒന്നും അന്നോട് ചോദിക്കാൻ വരൂല്ല………. “
അവനെ ഒന്നു കൂടി നോക്കി അബ്ദുറഹ്മാൻ മുറിവിട്ടു…
സല്ലു മുഖമുയർത്തിയതും സുഹാന അവനെ ഒന്നു നോക്കി……
ഇരുവരുടെയും മിഴികൾ ഒന്നിടഞ്ഞു..
“ വാ………. ചായ കുടിക്കാം…………”
സുഹാന പതിയെയാണ് പറഞ്ഞത്…
പൊരിച്ച പത്തിരിയും തലേ ദിവസം പാകമാക്കി വെച്ച ബീഫ് കറിയും സുഹാന അവനോട് ചേർന്ന് നിന്ന് വിളമ്പി…
അവന്റെ ഇഷ്ട വിഭവമായിരുന്നു അത്…