അതിന്റെ അങ്ങേയറ്റത്തു കാടുമൂടി കിടക്കുന്ന ഒരു ചതുപ്പാണുള്ളത്. കനത്ത മൂടൽ മഞ്ഞു കാരണം മണ്ണിനോട് ചേർന്ന് കെട്ടിക്കിടക്കുന്ന ഈർപ്പമുള്ള കാറ്റിന് ചതുപ്പിലെ ചീഞ്ഞ ഗന്ധമാണ്. പറങ്കി മരങ്ങളാണ് നിറയെ. വികൃതമായ രീതിയിൽ വളഞ്ഞു പുളഞ്ഞു വളർന്ന ശാഖകളിൽ മുള്ളുള്ള ചില്ല വള്ളികൾ പടർന്നിരിക്കുന്നത് കൊണ്ട് മഞ്ഞിൽ പല രൂപങ്ങളും നിൽക്കുന്നുണ്ടെന്നു തോന്നും.
അതിനു നടുവിൽ പച്ചപ്പായല് പിടിച്ച് വെള്ളത്തിനു ഒരനക്കവും ഇല്ലാത്ത കുളം. കുളത്തിന്റെ കരയിൽ ഒരു അരളി. അതിന്റെ തടിയിലും കൊമ്പിലും ചൂടി കയറുകൾ കെട്ടിയിരിക്കുന്നു. ഒഴിപ്പിച്ചു കൊണ്ട് വന്ന പലരും ആ അരളി മരത്തിലാണ് ഉള്ളത്.
നിഗൂഢമായ എന്തൊക്കെയോ ചുറ്റിനും ഉണ്ടെന്ന തോന്നൽ ആകാശം കാണാനാകാത്ത വിധത്തിൽ ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെ നിഴൽ ഇരുട്ട് വീഴ്ത്തുന്ന ഭീദിതമായ ഈ വഴിയേ പോകുന്നവർക്കാർക്കും തോന്നാതിരിക്കില്ല. അച്ഛച്ചൻ പലയിടത്തു നിന്നും ഒഴിപ്പിച്ചു കൊണ്ട് വന്ന പലരെയും കുടിയിരുത്തിയിരിക്കുന്നത് ആ പറമ്പിലാണ്.
മറ്റു മൂർത്തികൾ പലരും വിഹരിച്ചു നടക്കുന്നതും അതിനുള്ളിൽ തന്നെയാണ്. വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും വൈകുന്നേരം വന്നു ചെയ്യാനുള്ളത് ചെയ്ത് വിളക്കും വെച്ച് രാത്രി തന്നെ കുറ്റികാട്ടൂരിലേക്ക് മടങ്ങുന്നതായിരുന്നു എന്റെ പതിവ്.
ആഹ്ലാദത്തോടെ കയ്യും കലാശവും കാണിച്ച് ഓരോരോ കാര്യങ്ങൾ പറഞ്ഞ് മുന്നിൽ നടക്കുകയാണ് രേണു. സ്വർണ്ണ തകിടിൽ ഒരു ഏലസ്സുണ്ടാക്കണം. രേണു ഇങ്ങനെ നടന്നാൽ ശരിയാവില്ല. സ്ഥലം അത്ര നല്ലതല്ല.