“അനീറ്റ വിളിക്കലില്ലേ ചേടത്തീ? എലിസബത്ത് ഒരു മൂന്നാല് മാസം മുന്നേ എന്നെ വിളിച്ചായിരുന്നു”
“അനീറ്റയ്ക്ക് അയർലണ്ടിൽ സിറ്റിസൺഷിപ്പ് കിട്ടി. ഇനി ഇങ്ങോട്ട് ഇല്ലത്രേ. എലിസബത്ത് ഓസ്ട്രേലിയയിൽ സ്ഥിരമായി നിക്കാനുള്ള പ്ലാനിലാ. കഴിഞ്ഞ മാസം വന്നു രണ്ടാഴ്ച നിന്ന് പോയി. വയസ്സ് കാലത്ത് മക്കളൊക്കെ അങ്ങ് ദൂരെ ആയിപ്പോയി. ഇപ്പോ ഞങ്ങള് രണ്ട് ആത്മാക്കൾ മാത്രം ഉണ്ടിവിടെ”
അന്നമ്മ ചെടത്തിയുടെ കണ്ണ് നിറഞ്ഞു. രേണു പറയുന്ന പോലെ തന്നെ. പാവങ്ങൾ രണ്ടും ഒറ്റക്കായി.
“കുഞ്ഞൂട്ടൻ ഉണ്ടായിരുന്നപ്പോ ഒരാളുണ്ടായിരുന്നു. നിങ്ങളും കോഴിക്കോട് അല്ലേ. ഇതൊരു രണ്ട് ദിവസത്തെ ഏർപ്പാടേ ഉള്ളൂ. മറ്റന്നാള് തന്നെ നിങ്ങക്ക് കോഴിക്കോടിന് പോവാം”
“ഞങ്ങള് ഇപ്രാവശ്യം കുറച്ചു ദിവസം നിക്കാന്നു വിചാരിച്ചാ. ചെറിയച്ഛൻ്റെ അടുത്തൊക്കെ പോയിട്ട് ഒരു കൊല്ലത്തിലേറെയായി. അവിടെയും പോണം. കുടുംബ ക്ഷേത്രത്തിലും പോണം”
“അപ്പോ എത്ര നാള്ണ്ടാവും ഇവിടെ”?
“ഒരു രണ്ട് മാസം”
“രണ്ട് മാസത്തിന് നിക്കാൻ പറ്റുന്ന കോലത്തിലാക്കിയോ വീട്? വെച്ചുണ്ടാക്കണ്ടേ? പട്ടണത്തിലെ പോലെ ഇവിടെ ഒന്നും കിട്ടില്ല. ബത്തേരി ആണെങ്കിൽ കുറച്ചു ദൂരത്താ. എന്താപ്പോ ചെയ്യാ”?
“ഗ്യാസ് കണക്ഷൻ കിട്ടുവാണേൽ”..
“രണ്ടു മാസത്തിനൊന്നും കണക്ഷൻ കിട്ടുകേല. എടുത്തിട്ടും ഉപകാരമില്ല. അതൊക്കെ കിട്ടി വരുമ്പോഴേക്ക് രണ്ട് മാസം കഴിയും”
“ഒരു കാര്യം ചെയ്യ് കണ്ണാ. ഗോഡൗണിൽ സിലിണ്ടർ ഉണ്ടാവും. നീലക്കുറ്റിയാണ്. എന്നാലും സാരല്ല. അജ്മലിനോട് പറഞ്ഞാ മതി. തൽക്കാലം അത് മതിയാവും”