രാഹുലിന്റെ ജീവിതത്തിൽ പ്രതികാരം ഒരു വഴിത്തിരിവിലെത്തി നിൽക്കുകയായിരുന്നു. അവളെ തളർത്താൻ തുടങ്ങിയ കളിയിൽ എപ്പോഴോ അവൻ തന്നെ വീണുപോയിരിക്കുന്നു. ഗ്രേസിനെ ഓരോ തവണ ശല്യം ചെയ്യുമ്പോഴും അവളുടെ കണ്ണുകളിൽ വിരിയുന്ന ആ നിസ്സഹായതയും, പിന്നീട് വരാറുള്ള ആ ചെറിയ പുഞ്ചിരിയും രാഹുലിന്റെ ഉള്ളിലെ പകയെ പ്രണയമാക്കി മാറ്റി. അവൾ ഒരു പോലീസ് ഓഫീസർ മാത്രമല്ല, സ്നേഹിക്കപ്പെടാൻ കൊതിക്കുന്ന ഒരു പെണ്ണാണെന്ന് അവൻ തിരിച്ചറിഞ്ഞു.
**********************************************
അന്ന് രാവിലെ വീട്ടിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടായിരുന്നു. രാഹുൽ ഗ്രേസിനോട് എന്തെങ്കിലും സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും അവളുടെ ഫോൺ ബെല്ലടിച്ചു. ഫോണിലെ സന്ദേശം കേട്ടതും ഗ്രേസിന്റെ ഭാവം ആകെ മാറി. മുഖത്തെ പ്രണയഭാവം മാറി അവിടെ പഴയ തീപ്പൊരി ചിതറുന്ന പോലീസ് ഓഫീസർ ഉണർന്നു.
”എന്താ ഗ്രേസ്? എന്തുപറ്റി?” രാഹുൽ പരിഭ്രമത്തോടെ ചോദിച്ചു.
”നഗരത്തിലെ ഒരു സ്കൂളിൽ ഒരു ഗ്യാങ് ഹൈജാക്ക് ചെയ്തിരിക്കുന്നു. കുട്ടികൾ ഉള്ളിലാണ്. എനിക്ക് ഉടനെ അവിടെ എത്തണം,” ഗ്രേസ് വേഗം തന്റെ യൂണിഫോമും തോക്കും എടുത്ത് പുറത്തിറങ്ങി.
രാഹുൽ തടയാൻ ശ്രമിച്ചു. “ഗ്രേസ്, അത് അപകടമാണ്. തനിച്ച് പോകണ്ട.”
”ഇത് എന്റെ ഡ്യൂട്ടിയാണ് രാഹുൽ,” അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു. കാറിലേക്ക് കയറുന്നതിന് മുൻപ് അവൾ രാഹുലിനെ ഒന്ന് നോക്കി. ആ നോട്ടത്തിൽ “തിരിച്ചു വരും” എന്നൊരു ഉറപ്പുണ്ടായിരുന്നു.
സ്കൂൾ പരിസരം പോലീസ് വളഞ്ഞിരുന്നു. ഒരു കുപ്രസിദ്ധ ഗുണ്ടാസംഘമാണ് ഇതിന് പിന്നിൽ. നൂറിലധികം കുട്ടികൾ ഉള്ളിലുണ്ട്. ചർച്ചകൾ പരാജയപ്പെട്ടതോടെ ഗ്രേസ് തന്നെ ദൗത്യം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഒരു വശത്തുകൂടി രഹസ്യമായി അകത്തു കടന്ന് കുട്ടികളെ മോചിപ്പിക്കാനായിരുന്നു അവളുടെ പ്ലാൻ.
