“ഏതോ ഒരെലി ഫ്ലാറ്റിൽ കയറി കൂടിയിട്ടുണ്ട് , മനുഷ്യനെ ഉറങ്ങാൻ പോലും സമ്മതിക്കുന്നില്ലാന്നെ ”
” അതെന്ത , അത് നിന്നെ കടിച്ചൊ ”
“ആഹ് അത് ആരെയോ കടിച്ചു കാണണം, അതിൻ്റെ ഒച്ചപ്പാടും , ബഹളവും കാരണം ഒരുപോള കണ്ണടച്ചിട്ടില്ല മനുഷ്യൻ ”
” അപ്പൊ നീ ഉറങ്ങിയില്ലായിരുന്നോ”
ആര്യ ഞെട്ടലോടെ സ്നേഹയെ നോക്കി ,
“ഉറങ്ങാൻ വിട്ടാലല്ലെ ചേച്ചി ഉറങ്ങാൻ പറ്റുള്ളു, അമ്മാതിരി ബഹളമായിരുന്നില്ലെ ആ എലി കാരണം ”
സ്നേഹ മെല്ലെ ജെയ്സനെ പാളി നോക്കി. ആര്യയും ജെയ്സനും അമ്പരന്ന് പരസ്പരം നോക്കി.
രണ്ടുപേരും നാണത്താൽ മുഖം താഴ്ത്തി, രാവിലെ നടന്ന കാര്യങ്ങൾ ആലോചിച്ചപ്പൊ തന്നെ അവനിൽ കുളിർമഴ പെയ്ത പോലെ ദേഹം ഒന്ന് വിറച്ചു , അവൻ്റെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു അവരെ ഫെയ്സ് ചെയ്യാൻ കഴിയാതെ വിതൂര കാഴ്ചകളിലേക്കവൻ കണ്ണ് നട്ടു.
ആകെ നാണക്കേടായെന്ന രീതിയിൽ ആര്യ വലിഞ്ഞു മുറുകിയ മുഖത്തോടെ തിരിഞ്ഞ് സ്നേഹയെ നോക്കി മിണ്ടാതിരിക്കെന്ന് സ്നേഹയോട് കണ്ണു കാണിച്ചു.അത്കണ്ട് സ്നേഹ പൊട്ടിച്ചിരിച്ചു പോയി.
ആര്യയുടെ ചിന്തകൾ അവനിലേക്ക് പടർന്നു.
ഇനി ഒരു കുടുംബ ജീവിതം അത് താനൊരിക്കലും ആഗ്രഹിച്ചതായിരുന്നില്ല, അത്രയേറെ കയ്പ്പു നീർ താനൊരിക്കൽ കുടിച്ചതാണ്.
ഒരോ ദിവസവും വടക്കു മലബാറിലെ തറവാട്ട് കാവുകളിൽ കെട്ടിയാടുന്ന തിറ പോലെ ഓരോ വർണാഭമായ കെട്ടു കാഴ്ചകൾ കെട്ടിയാടി ആളുകൾക്ക് മുന്നിൽ താനും ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്തിയിരുന്നു എന്നാൽ ആ കാഴ്ചകൾക്കെല്ലാം പിന്നിൽ എല്ലാം തകർന്നുടഞ്ഞ ഒരു പെണ്ണ് ജീവിച്ചിരുപ്പുണ്ടെന്നത് ആരും അറിയാതെ പോയി.
തൻ്റെ ആ ജീവിതത്തിലേക്ക് ഉത്സവപ്പറമ്പിലെ ഒരു മജീഷ്യനെപ്പോലെയാണ് അവൻ കടന്ന് വന്നത്.
ഒരേ സമയം ഉദ്വേഗത്തിൻ്റെ മുൾമുനയിൽ എത്തിക്കുകയും എന്നാൽ തിരശീലകൾക്ക് പിന്നിൽ നിന്നുകൊണ്ട് തൻ്റെ സ്വതസിദ്ധമായ കഴിവീനാൽ കാണികളെ വിസ്മയിപ്പിച്ചു സന്തോഷത്തിലാറാടിക്കുകയും ചെയ്യുന്ന ഒരു മജീഷ്യൻ.
തൻ്റെ ഹൃദയം ഇപ്പോൾ അവന് വേണ്ടി തുടിക്കുന്നു , അവൻ്റെ സ്നേഹപൂർണമായ സാമിപ്യം ആഗ്രഹിക്കുന്നു.
ഒരുപക്ഷെ ഇതിനെല്ലാമൊടുവിൽ ഉത്സവം കൊട്ടിയിറങ്ങുന്ന വേളയിൽ മജീഷ്യൻമാരെപ്പോലെ തന്നെ അവനും ഒരു പക്ഷെ തൻ്റെ മനസ്സ് കവർന്ന് കൊണ്ട് ഇറങ്ങി പോയാലോ.
ആര്യയുടെ ചിന്തകൾക്ക് കനംവെച്ചു അവളുടെ മുഖം വലിഞ്ഞു മുറുകി ഇല്ല ഇനിയും തനിക്കത് താങ്ങാനുള്ള കഴിവില്ല.
പക്ഷെ അവൻ്റെ മുഖം മനസ്സിലേക്ക് പതിയുമ്പോൾ എന്നോ തനിക്ക് നഷ്ടമായ പലതിനേയും അവൾ വെട്ടിപ്പിടിക്കുന്ന പോലെ ഒരു തോന്നൽ.
അവനുമൊത്തൊരു ജീവിതം അതവൾ ജീവിച്ചു തുടങ്ങിയിരുന്നു അതിനി വെറുമൊരു ആഗ്രഹമല്ല.
അതില്ലാ എന്നത് ഇനി അംഗീകരിക്കാൻ കഴിയുന്ന ഒന്നുമല്ല. എങ്ങിനെയാണ് തനിക്കിങ്ങനെ മാറാൻ കഴിഞ്ഞത് തൻ്റെ ആ തീരുമാനം
ശെരിയായിരുന്നൊ തെറ്റുപ്പറ്റിയതാണെങ്കിൽ ഇനി എന്തു ചെയ്യും. അവളുടെ മുഖം കറുത്തിരുണ്ട കാർമേഘം പോലെ വിങ്ങി.
