വീണ്ടും അവന്‍ സുഖകരമായ ഓര്‍മ്മകളിലേക്ക് പോയി, അല്‍പ്പ സമയം.
“അവളപ്പോള്‍ വഴിയരുകില്‍, ആകാശത്ത്, വെയിലിലൂടെ പറന്നിറങ്ങുന്ന അപ്പൂപ്പന്‍താടികള്‍ നോക്കി നില്‍ക്കുകയായിരുന്നു. പരമ്പരാഗത മിറ്റ്ഫടാഹ് ആണ് അവളന്ന് ഇട്ടിരുന്നത്…ചുവന്ന നിറത്തില്‍…ഞങ്ങളെ കണ്ടിട്ട് അവള്‍ മുഖം താഴ്ത്തി…എന്നെ അവിടെ അപ്രതീക്ഷിതമായി കണ്ടത് കൊണ്ടാവണം അല്‍പ്പം പരിഭ്രമിച്ചു അവളെന്ന് എനിക്ക് തോന്നി…”
അവന്‍ അഫ്രീന്‍റെ തോളില്‍ പിടിച്ച് തന്നിലേക്ക് അടുപ്പിച്ച്, തന്‍റെ നിശ്വാസം അവളുടെ മുഖത്ത് തട്ടുന്നത്ര അടുത്ത് നിര്‍ത്തി.
“സിനഗോഗിനടുത്ത് കൂടി ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്…”
അവന്‍ തുടര്‍ന്നു.
“അതില്‍ ഇര്‍ഷാദ് കൈ കഴുകി, വഴിയരികില്‍ നിന്നും കുറച്ച്കാട്ടു റ്റ്യൂലിപ്പ് പൂക്കള്‍ പറിച്ച് എന്‍റെ കൈയ്യില്‍ തന്നു…അതൊക്കെ അവള്‍ മിഴിച്ച കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുകയാണ്…എന്നിട്ട് അബിഗൈലിന്‍റെ അടുത്ത് ചെന്ന് പറഞ്ഞു: ലെബനീസ് പാരമ്പര്യത്തില്‍ കൂട്ടുകാരന്‍റെ ഭാര്യയെ അല്‍ഹവീ എന്നാണ് സംബോധന ചെയ്യാറ്…ഇത് ആബിദ്. എന്‍റെ കൂട്ടുകാരന്‍…നിങ്ങള്‍ എന്‍റെ അല്‍ഹവീ….”
ആബിദ് ചിരിച്ചു.
“എന്താ ഡ്രാമ അല്ലെ?”
അവന്‍ അഫ്രീനോട് ചോദിച്ചു.
“എന്തായാലും അബിഗൈല്‍ അതോടെ എന്‍റെ പെണ്ണായി…ഹമാസ് പട്ടാളക്കാരുടെ ബോംബിങ്ങില്‍ അവളുടെ സിനഗോഗും വീടും അവളുടെ അബ്ബയും ഈമയും ഇളയ സഹോദരന്‍ ആഷറും ചിതറിത്തെറിച്ച് മരിക്കുന്നത് വരെ…”
അഫ്രീന്‍റെ മിഴികള്‍ അസഹ്യമായ നൊമ്പരത്താല്‍ ചിമ്മിയടഞ്ഞു.
