“അവന്‍ അമ്മ വിചാരിക്കുന്ന ടൈപ്പ് ആങ്ങള അല്ല…എന്നതൊക്കെ വലിയ വലിയ വലിയ അവന്‍റെ കൊച്ച് തലമണ്ടയ്ക്കകത്ത് ഒള്ളതെന്നു അമ്മയ്ക്കറിയോ? പണ്ഡിതനാ അവന്‍! അറിയാവോ? പണ്ഡിതന്‍!!”
“പിന്നെ പണ്ഡിതന്‍മാരല്ലേ വൃത്തികെട്ട കഥേം പടോം ഒള്ള മാസിക വായിക്കുന്നേ? നീയവനെ അങ്ങ് വല്ല്യ പുണ്യാളന്‍ ആക്കുവൊന്നും വേണ്ട! നിന്‍റെ കുരുത്തക്കേടിനോക്കെ ചൂട്ടു പിടിക്കുന്നത് അവനാ! അതാ നീ അവനെ സപ്പോര്‍ട്ട് ചെയ്യുന്നേന്നു എനിക്കറിയാം. ഞാന്‍ അത്ര പൊട്ടിയോന്നുവല്ല!”
ഇനി അവിടെ നിന്നാല്‍ ശരിയാകില്ല എന്ന് ലിസിക്ക് തോന്നി. തന്‍റെ സകല ചുറ്റിക്കളികളുടേയും ചരിത്രം മൊത്തം അമ്മ വിളമ്പും. അപ്പോള്‍ ഒന്നും മിണ്ടാന്‍ പറ്റാതെ മിഴുക്കസ്യാന്നും പറഞ്ഞ് തനിക്ക് ഇരിക്കേണ്ടി വരും.
അല്‍പ്പ നിമിഷത്തേക്ക് ലിസി മൌനം പാലിച്ചു.
ഗ്രേസി ജനാലയിലൂടെ മലനിരകളിലേക്ക് നോക്കി.
“അമ്മ എന്തിനാ എപ്പോഴും അങ്ങോട്ട് നോക്കിയിരിക്കുന്നെ?”
അത് കണ്ട് ലിസി അവളോട് ചോദിച്ചു.
“അവിടുന്ന് എപ്പഴും ഒരു പാട്ട് കേക്കാം ലിസി…”
ഗ്രേസി പറഞ്ഞു.
“പാട്ടോ? എന്നാ പാട്ട്? ഇതുവരേം ഞാന്‍ ഒരു പാട്ടും കേട്ടിട്ടില്ല…”
ഗ്രേസി വീണ്ടും ജനാലയിലൂടെ മലകളിലേക്ക് നോക്കി.
“ഒരു മനുഷ്യരും അവിടെ താമസമില്ല…”
ലിസി തുടര്‍ന്നു.
“ഗവണ്മെന്‍റ്റ് ഫോറെസ്റ്റ് ആണ് അമ്മെ അത്..അവിടുന്ന് ഒരു പാട്ട് കേക്കണമെങ്കി അത് അമ്മേടെ തോന്നല് മാത്രവാ…”
“കേക്കാടി എനിക്ക്…ഒരു കൊച്ചു കുഞ്ഞിന്‍റെ പാട്ട്…”
വിദൂരമായ ഒരോര്‍മ്മയില്‍ നഷ്ട്ടപ്പെട്ട് ഗ്രേസി പറഞ്ഞു,
അപ്പോഴാണ് ലിസിക്ക് അബദ്ധം മനസ്സിലായത്. ലിസിക്കും മുമ്പേ ഗ്രേസിക്ക് ഒരു ആണ്‍കുട്ടി ജനിച്ചിരുന്നു. പതിനഞ്ച് ദിവസം മാത്രമേ ആ കുഞ്ഞ് ജീവിച്ചിരുന്നുള്ളൂ. ദേഹത്ത് ആദ്യം ചുവന്ന കുരുക്കള്‍ വന്നു. പിന്നെ അത് ചോര ചര്‍ധിച്ചു. പതിനഞ്ചാം ദിവസം മരിച്ചു.
ഗ്രേസി മാസങ്ങളോളം ആശുപത്രിയില്‍ ആയിരുന്നു. ന്യൂറോളജിസ്റ്റും സൈക്യാട്രിസ്റ്റുമൊക്കെ അവളെ മാറി മാറി ചിതിത്സിച്ചു.