അയാള്‍ പെട്ടെന്ന് ഓര്‍ത്ത് പറഞ്ഞു.
“എടീ ഞങ്ങള് ഇന്ന് ഒന്ന് വേളാങ്കണ്ണി വരെപ്പോകുവാ! രണ്ടു ദിവസത്തേക്ക് വീട്ടി കാണത്തില്ല. കൊറേ നാളായി അന്നമ്മ പറയുന്നതാ…അപ്പം നിങ്ങള് രണ്ടാളും ഒന്ന് വീട്ടി വന്നു നിക്കാവോ? വേറെ ആരേം അങ്ങനെ വിശ്വസിച്ച് വീട്ടി കേറ്റാന്‍ ഒക്കുവേലന്നെ!”
“അതിപ്പം…”
ഗ്രേസി കൊച്ചുകുട്ടപ്പനെ നോക്കി.
“നിങ്ങക്ക് പ്രത്യേകിച്ച് പേടിക്കാന്‍ ഇവിടെ പശുവോ ആടോ കോഴിയോ ഒന്നും ഇല്ലല്ലോ…ഒന്ന് സമ്മതിക്കെടീ…”
അത് പറഞ്ഞ് അയാള്‍ കുര്‍ത്തയുടെ പോക്കറ്റില്‍ കയ്യിട്ട് കുറച്ച് നോട്ടുകള്‍ എടുത്തു.
“ഇന്നാ, ഇത് അത്യാവശ്യം സാധനങ്ങള്‍ വല്ലോം മേടിക്കാന്‍…”
“അതിനു പൈസ എന്തിനാ?”
ഗ്രേസി ചോദിച്ചു.
“എന്തെങ്കിലും അത്യാവശ്യം വന്നാലോ?”
അത് പറഞ്ഞ് അയാള്‍ ബലമായി അവളുടെ കയ്യിലേക്ക് പണം വെച്ചുകൊടുത്തു.
“പിന്നെ ഒരു സാധനോം ഇവിടുന്ന് കൊണ്ടോകേണ്ട..എല്ലാം അവിടെ തന്നെയുണ്ട്..നിങ്ങള് ഒന്ന് വന്നാ മതി കേട്ടോ…”
അധികം ദൂരെയല്ല ഐസക്കിന്‍റെ വീട്. നടക്കാന്‍ ആണെങ്കില്‍ പതിനഞ്ച് മിനിറ്റ്. കാരിക്കാംപൊയില്‍ കവല തുടങ്ങുന്നിടത്ത്.
“എന്തിയേ കൊച്ചുകുട്ടാ നിന്‍റെ ചേച്ചി?”
ലിസിയെപ്പറ്റിയാണ്. ഗ്രേസിയുടെ മൂത്തമകള്‍.
“അവളാ ലീലാമണീടെ വീട്ടില്‍ പോയേക്കുവാ…”
പുറത്തെ വാഴകള്‍ക്കിടയില്‍ കാണുന്ന വീട്ടിലേക്ക് വിരല്‍ ചൂണ്ടി കൊച്ചുകുട്ടന്‍ പറഞ്ഞു.
ഐസക്കിന്‍റെ ദിവ്യ അച്ചാര്‍സില്‍ ആണ് ഗ്രേസിയും മകള്‍ ലിസിയും ജോലി ചെയ്യുന്നത്. വലിയ കമ്പനിയൊന്നുമല്ലെങ്കിലും മലപ്പുറം ജില്ലയിലും സമീപ ജില്ലയിലും നല്ല രീതിയില്‍ കസ്റ്റമേഴ്സ് ഉണ്ട്. ബിസിനസ് വിപുലപ്പെടുത്താന്‍ ഒന്നും ഐസക്കിന് താല്‍പ്പര്യമില്ല. അയാളൊന്ന് മനസ്സ് വെച്ചാല്‍ കേരളം മുഴുവനും കമ്പനിക്ക് വെരോട്ടമുണ്ടാക്കാം. നല്ല സുഹൃദ്ബന്ധങ്ങളും അത്യാവശ്യം രാഷ്ട്രീയ സ്വാധീനവുമൊക്കെയുണ്ട്.