“ഓ! എന്തിനാടാവേ? നമക്ക് അത്യാവശ്യം ജീവിക്കാനുള്ള കാശ് കിട്ടണം. കൊറച്ച് പേര്‍ക്കെങ്കിലും നമ്മളെ കൊണ്ട് പണി കിട്ടണം. അത്രയ്ക്ക് ഒക്കെ മതി..അങ്ങ് ഭയങ്കരമായി വളന്നാലേ, കച്ചറയാ!”
അതാണ് അയാളെപ്പോഴും പറയാറ്.
ഗ്രേസിയുടെ ഭര്‍ത്താവ് ദേവസ്യാച്ചന്‍ മംഗലാപുരത്ത് ഒരു സെറാമിക്സ് കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത്. അവിടെ തന്നെയാണ് ലിസിയുടെ ഭര്‍ത്താവ് ജെബിനും.
കഴിഞ്ഞ വര്‍ഷമാണ് അവളുടെ വിവാഹം ജെബിനുമായി നടന്നത്.
ജെബിനും ദേവസ്യാച്ചനും മംഗലാപുരത്ത് ഒരെ കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ കൂട്ടുകാരായി. പ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും അവര്‍ക്കിടയിലെ സൗഹൃദം ശക്തമായിരുന്നു. അങ്ങനെ ഒരവധിക്ക് ദേവസ്യാച്ചന്‍ പറഞ്ഞു.
“ജെബിനെ, നീയിപ്പം പേരാമ്പ്രയില്‍ പോയിട്ട് പ്രത്യേകിച്ച് എന്നാ? അവിടെ ആരുമില്ല, വീടുമില്ല..ഈ ഓണത്തിനു എന്‍റെ കൂടെ പോരെടാ! നമുക്ക് ഒള്ളപോലെയൊക്കെ അടിച്ചു പൊളിക്കാന്നെ!”
[“അടിച്ചു പൊളിക്കുക” എന്ന പ്രയോഗം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല]ജെബിന്‍ കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയായിരുന്നു താമസിച്ചിരുന്നത്. അപ്പനോ അമ്മയോ ഇല്ല. രണ്ടുപേരും ഉരുള്‍പൊട്ടലില്‍ മരിച്ചു. വീട് ഒഴുകിപ്പോയി. ആകെയുള്ള ഒരു സഹോദരി ഭര്‍ത്താവിന്‍റെ കൂടെ ബോംബെയില്‍ ഒരു തുണിക്കമ്പനിയില്‍ ജോലി ചെയ്യുന്നു. അതുകൊണ്ട് അവന്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും ദേവസ്യാച്ചന്റെ ക്ഷണം സ്വീകരിച്ചു.
അങ്ങനെയാണ് അവന്‍ ആദ്യമായി മലപ്പുറത്ത്, കാരിക്കാംപൊയിലിലുള്ള അവരുടെ വീട്ടില്‍ വരുന്നതും ലിസിയെ കാണുന്നതും. ലിസിക്ക് ഒറ്റ നോട്ടത്തില്‍ അവനെ ഇഷ്ടമായി. അവനും. പിന്നെ വെച്ചു താമസിപ്പിച്ചില്ല. കല്യാണവും നടന്നു.
അവധിക്ക് വരുമ്പോഴൊക്കെ ജെബിന്‍ താമസിക്കുന്നത് ലിസിയുടെ വീട്ടിലാണ്. അതിലവര്‍ക്ക് സന്തോഷമേയുള്ളൂ. കൊച്ചുകുട്ടന്‍ എപ്പോഴും പറയും.
“അളിയന്‍ വേറെ വീട് ഒക്കെ വെച്ച് മാറിത്താമസിക്കേണ്ട ഒരാവശ്യോം ഇല്ല…നമ്മടെ വീടിന് അത്യാവശ്യം സൗകര്യം ഒക്കെ ഒണ്ടല്ലോ…”
ലിനോ ഡേവിസ് എന്ന കൊച്ചുകുട്ടന്‍ പൊളിടെക്നിക്ക് മൂന്നാം വര്‍ഷമാണ്. പ്രീഡിഗ്രി കഴിഞ്ഞാണ് അവന്‍ പൊളിടെക്നിക്കിനു ചേര്‍ന്നത്. ഡിപ്ലോമ കിട്ടിക്കഴിഞ്ഞ് ഗള്‍ഫിലേക്ക് കടക്കാനാണ് അവന്‍റെ പ്ലാന്‍.
“അമ്മെ, ഇതിപ്പം രണ്ടായിരം…”