❤️കണ്ണന്റെ അനുപമ 6❤️ [Kannan] 2090

“അനുപമ എന്നല്ലേ നിന്റെ കാമുകിയുടെ പേര് ?

അത് കേട്ടതും ഞാൻ അറിയാതെ തലയുയർത്തി അവളെ നോക്കി പോയി. ഇവളിതെങ്ങനെ അറിഞ്ഞു എന്നായിരുന്നു എന്റെ സംശയം.

“കണ്ണ് മിഴിക്കണ്ട എല്ലാം എനിക്കറിയാം..

അവൾ ചെറുചിരിയോടെ പറഞ്ഞു എന്റെ താടിക്കിട്ട് കുത്തി.

“ഞാനെങ്ങനെ അറിഞ്ഞൂന്നല്ലേ?. പറയാം. നീ എന്നെക്കുറിച്ചു അവളോട് പറഞ്ഞില്ലേ അതിന്റെ പിറ്റേന്ന് അവളെന്നെ ഫോണിൽ വിളിച്ചിരുന്നു. ഒന്ന് നേരിൽ കാണണം എന്നും പറഞ്ഞ്.ഞാൻ വൈകുന്നേരം വീട്ടിലേക്ക് വരാൻ പറഞ്ഞു വഴിയും പറഞ്ഞു കൊടുത്തു. അങ്ങനെ അവള് എന്റെ വീട്ടിലേക്ക് വന്നു. റൂമിൽ കേറിയതും അവളെന്റെ കാൽക്കൽ വീണു കരയാൻ തുടങ്ങി.കണ്ണനെ എനിക്ക് വിട്ട് തരണമെന്നും വേറാരും ഇല്ലെന്നും. അവനില്ലെങ്കിൽ ഞാൻ ചത്ത്‌ കളയുമെന്നും ഒക്കെ പറഞ്ഞ് നല്ലസ്സൽ കരച്ചിൽ !.ഞാനാകെ വല്ലാതായിപ്പോയി. പിന്നെ കണ്ണൻ എന്നത് നിന്റെ വിളിപ്പേരായത് കൊണ്ട് റൂട്ട് ഏതാണെന്നു മനസ്സിലായി.അതോടെ ഞാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കാര്യങ്ങൾ സമാധാനത്തിൽ ചോദിച്ചു മനസ്സിലാക്കി. അപ്പഴാണ് സാറിന്റെ അപൂർവ പ്രണയ രാഗം എനിക്ക് പിടി കിട്ടിയത്.. “

അവൾ എന്റെ തലക്ക് പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു നിർത്തി.
ഞാനാകെ അന്തം വിട്ടു പോയി. ഇതിനിടയിൽ ഇങ്ങനെ ഒരന്തർധാര ഉണ്ടായതായി എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു.

“എന്നിട്ട് നീ എന്താ പറഞ്ഞത് ?
അവളെ ചീത്ത പറഞ്ഞതിലുള്ള കുറ്റബോധം എന്നെ വേട്ടയാടി തുടങ്ങിയിരുന്നതിനാൽ ഞാൻ വളരെ ശാന്തമായാണത് ചോദിച്ചത്.

“ഞാൻ എന്ത് പറയാൻ ! എനിക്ക് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്. പിന്നെ നമ്മള് തമ്മിൽ ഒന്നും ഇല്ലാന്ന് സത്യം ചെയ്ത് കൊടുത്തിട്ടാണ് അതിന്റെ മുഖം തെളിഞ്ഞത്.അതിൽ പിന്നെ സോറി പറഞ്ഞു കരച്ചില് തുടങ്ങി. അമ്മയറിയാതെ അത് ഒതുക്കി തീർക്കാൻ ഞാൻ പെട്ട പാട് ഹോ !ഈ കാലത്ത്‌ ഇത്ര പാവം പെണ്ണുങ്ങളൊക്കെ ണ്ടോ?”
അവൾ പറഞ്ഞു നിർത്തി.

“അപ്പൊ നീയെന്തിനാ അമ്മയെ വിളിച്ചു നമ്മുടെ കാര്യം പറഞ്ഞെ?

ആ ചോദ്യം വളരെ സ്വാഭാവികമായി എന്നിൽ നിന്നുയർന്നു..
അതിനും അവൾ ചിരിക്കുകയാണ് ചെയ്തത്.

“ആ അത് നിന്റെ പെണ്ണിന്റെ ഐഡിയ ആണ്. അമ്മയുടെ റഡാറിൽ എന്നെ ഇട്ടുകൊടുത്ത് നിങ്ങൾക്ക് രക്ഷപ്പെടാൻ ഉള്ള തന്ത്രം.. “.

ഞാൻ അന്തം വിട്ടിരുന്നു പോയി. എന്റെ പെണ്ണ് ഇതിനിടയിൽ ഇത്രേം ഒക്കെ ഒപ്പിച്ചെന്നോർത്ത്‌ ഞാൻ തന്നെ അതിശയിച്ചു.ഞങ്ങളെ രക്ഷിക്കാൻ സ്വയം ചാവേറായ അതിരയോട് പറഞ്ഞതിൽ എനിക്കുള്ള കുറ്റബോധം വീണ്ടും കൂടി..

“ഡീ സോറി. ഞാനിതൊന്നും അറിയാതെ.”

ഞാനവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ക്ഷമാപണം നടത്തി..

“കൊണ്ട് പോടാ അവന്റെ കോപ്പിലെ സോറി.നീയാ പെണ്ണിനെ കളഞ്ഞിട്ട് പോവാതിരുന്നാ മതി. നിന്നെ അതിന് ജീവനാ…”

The Author

212 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *