അവളുടെ വീട്ടുകാര്‍ ഒരിക്കലും ഇതിനു സമ്മതിക്കുകയുമില്ല, കല്യാണം കഴിച്ചാല്‍ പിന്നെ വീട്ടില്‍ കയറ്റുകയുമില്ല. അതുകൊണ്ട് സുരേഷിന്റെ അച്ഛന്‍ സമ്മതിച്ചാല്‍ മാത്രമേ താന്‍ ഇതിനു സമ്മതിക്കൂ എന്നവള്‍ തീര്‍ത്ത് പറഞ്ഞു.
അങ്ങനെ ഗതികേട് കൊണ്ട് സംഗതി കേണലിന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ സുരേഷ് നിര്‍ബന്ധിതനായി.
“ഉം?”
മുന്‍പില്‍ വന്നു തല ചൊറിഞ്ഞുകൊണ്ട് നിന്ന മകനെ നോക്കി കേണല്‍ ഗൌരവത്തോടെ ചോദിച്ചു.
“ഒരു കാര്യം പറയാന്‍ ഉണ്ട്. അച്ഛന്‍ കോപിക്കരുത്” അവന്‍ മുഖവുരയിട്ടു.
“അത് കാര്യം കേട്ട ശേഷം തീരുമാനിക്കാം”
അച്ഛന്റെ മറുപടി കേട്ടപ്പോള്‍ സുരേഷ് ഒന്ന് പരുങ്ങി. പക്ഷെ ഇന്ന് പറഞ്ഞിട്ടേ ചെല്ലാവൂ എന്നാണവള്‍ പറഞ്ഞിരിക്കുന്നത്. ഇല്ലെങ്കില്‍ താനൊരു നട്ടെല്ലില്ലാത്തവനാണെന്ന് അവള്‍ കരുതും. അവന്‍ മനസിന് ധൈര്യം നല്‍കി മുരടനക്കി.
“അച്ഛാ എനിക്കൊരു പെണ്ണിനെ ഇഷ്ടമാണ്” അവന്‍ അവസാനം പറഞ്ഞൊപ്പിച്ചു. കേണല്‍ കണ്ണാടിയുടെ മുകളിലൂടെ അവനെ നോക്കി.
“അതിന്?”
“എനിക്കവളെ വിവാഹം കഴിക്കണം”
“കഴിച്ചോ”
“പക്ഷെ അവളൊരു മുസ്ലീം കുട്ടിയാണ്” പറഞ്ഞിട്ട് അച്ഛന്റെ പ്രതികരണത്തിനായി അവന്‍ നോക്കി.
“പറ്റില്ല” അവനെ ഇരുത്തി ഒന്ന് നോക്കിയ ശേഷം അവന്‍ പറഞ്ഞു.
“എനിക്കവളെ മതി. വേറെ ആരെയും ഞാന്‍ കെട്ടാന്‍ പോകുന്നില്ല”
“നടക്കില്ലെന്നു പറഞ്ഞില്ലേ?” കേണലിന്റെ സ്വരം ഉയര്‍ന്നു.
“അച്ഛന്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ അവളെയും കൊണ്ട് ഒളിച്ചോടും”
കേണല്‍ അവന്റെ സംസാരം കേട്ടു ചെറുതായി ഒന്ന് ഞെട്ടി. അയാള്‍ ആലോചനയോടെ കസേരയിലേക്ക് കിടന്നു. ഈ നാറി അങ്ങനെ ചെയ്‌താല്‍ അത് മൊത്തം കുടുംബത്തിനു അപമാനമാകും. നേരെമറിച്ച് അവന്‍ ഇഷ്ടപ്പെട്ടു കെട്ടിക്കൊണ്ടുവന്നു എന്ന് പറഞ്ഞാല്‍, അത്ര വലിയ പുകില്‍ ഒന്നും ഉണ്ടാകില്ല എന്ന് മാത്രമല്ല, മതമൈത്രിയുള്ള കേണല്‍ എന്നൊരു പെരുമയും കൂടി തനിക്ക് കിട്ടും. എങ്കിലും ഒരു മുസ്ലീം പെണ്ണ്!
Super viralittu