ഞാനും ഏട്ടത്തിയും പരസ്പരം നോക്കി ചിരി കടിച്ചുപിടിച്ചു. പ്രതികാരം വീട്ടുമ്പോൾ ഇത്രയും സുഖം കിട്ടുമെന്ന് ഞാൻ കരുതിയില്ല!
ഞങ്ങൾ ആവേശത്തിൽ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചേച്ചി ഇടക്കിടക്ക് ഞങ്ങളെയും ആ മെഡിക്കൽ പിള്ളേരെയും മാറി മാറി നോക്കി നെടുവീർപ്പിടുന്നുണ്ട്.
അപ്പോഴാണ് ആ കൂട്ടത്തിലെ ഒരു പെൺകുട്ടി അടുത്തിരുന്നവനെ തോണ്ടിയിട്ട് കണ്ണിന്റെ സൈഡ് കൊണ്ട് എന്നെ കാണിച്ചുകൊടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അവൾ അവന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നുണ്ട്.
അവൻ എന്നെ ഒന്ന് നോക്കി, എന്നിട്ട് അവളോട് ‘നീയൊന്ന് മിണ്ടാതിരുന്നേ’ എന്ന രീതിയിൽ കണ്ണ് കാണിച്ചു. മുഖത്ത് ചെറിയൊരു വെപ്രാളം പോലെ.
പക്ഷെ അവൾ വിട്ടില്ല. അവൾ ആകാംക്ഷയോടെ എന്നോട് ചോദിച്ചു:
“ബ്രോയുടെ പേരെന്താ?”
ഞാൻ ബിരിയാണി കഴിക്കുന്നത് നിർത്തി അവളെ നോക്കി.
“അഭിമന്യു…”
“വീട് എവിടെയാ?”
“ഇവിടെ അടുത്ത് തന്നെയാ…”
അവൾ അടുത്ത ചോദ്യത്തിലേക്ക് കടന്നു.
“ബ്രോയുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ടോ?”
ആ ചോദ്യം കേട്ടതും, തലയും താഴ്ത്തി ഇരുന്നിരുന്ന ചേച്ചിയും ഏട്ടത്തിയും കഴിക്കുന്നത് നിർത്തി. രണ്ടുപേരും ചെവി കൂർപ്പിച്ച് ഞങ്ങളെ തന്നെ നോക്കിയിരുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്ന് അവർക്കും ഒരു പിടുത്തവുമില്ല.
ഞാൻ തലയാട്ടി. “മ്മ്… ഉറപ്പിച്ചു. അടുത്ത ആഴ്ചയാ…”
അത് കേട്ടതും ആ പെൺകുട്ടിയുടെ കണ്ണുകൾ വിടർന്നു. അവൾ കൂടെയുള്ളവനെ ഒന്ന് അർത്ഥഗർഭമായി നോക്കി. ശേഷം വീണ്ടും എന്നോട് ചോദിച്ചു:
