”മ്മ്… നടക്കട്ടെ നടക്കട്ടെ…”
കിരൺ എന്നെ നോക്കി കണ്ണടച്ച് കാണിച്ചിട്ട് അവന്റെ പണിയിലേക്ക് തിരിഞ്ഞു.
അവർ പണി തുടർന്നപ്പോഴും എന്റെ മനസ്സിൽ അപ്പോഴും അവളായിരുന്നു. ആ ഉമ്മയുടെ ഓർമ്മകൾ വീണ്ടും വീണ്ടും എന്റെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു, അതെന്റെ ഉള്ളിലെ നാണക്കാരനേ ഉണർത്തിക്കൊണ്ടിരുന്നു….
ഈ ചിന്തകൾക്കിടയിലാണ് എന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തത്. നോക്കിയപ്പോൾ അമ്മയാണ്.
”ഹലോ അമ്മ…”
”അഭീ… നീ എവിടെയാടാ? കടയിലാണോ?”
അമ്മയുടെ ശബ്ദത്തിൽ ചെറിയൊരു വെപ്രാളമുണ്ടായിരുന്നു.
”അതെ അമ്മേ, എന്താ കാര്യം?”
”എടാ, ഞാൻ രാവിലെ ഇറങ്ങിയപ്പോൾ തിരക്കിൽ ഒരു പേഷ്യന്റിന്റെ ഫയൽ അവിടെ ഡൈനിങ്ങ് ടേബിളിൽ മറന്നുവെച്ചു. അത്യാവശ്യമുള്ള കേസ് ആണ്. നിനക്ക് അതൊന്ന് ഇങ്ങോട്ട് എത്തിക്കാമോ?”
സാധാരണ ഗതിയിൽ ആണെങ്കിൽ ഞാൻ ഇതിനൊന്നും നിൽക്കാത്തതാണ്. ‘കടയിൽ നല്ല തിരക്കാണ് അമ്മേ’, ‘ആരെയെങ്കിലും വിട്ട് എടുപ്പിക്ക്’ എന്നൊക്കെ പറഞ്ഞ് ഞാൻ ഒഴിവുകഴിവ് കണ്ടെത്തിയേനെ. എന്റെ സ്വഭാവം അമ്മയ്ക്കും നന്നായി അറിയാം. അതുകൊണ്ട് അമ്മ പകുതി മടിച്ചാണ് ചോദിച്ചത് തന്നെ.
പക്ഷേ…
ഹോസ്പിറ്റലിൽ പോയാൽ… അനുവിനെ കാണാലോ!
ആ ഒരൊറ്റ ചിന്ത മിന്നിയതും എന്റെ മറുപടി റെഡിയായിരുന്നു.
”ആഹ്… ഞാൻ ഇപ്പോൾ തന്നെ കൊണ്ടുവരാം അമ്മേ. ഞാനിതാ ഇറങ്ങി.”
എന്റെ ഈ പെട്ടെന്നുള്ള മറുപടി കേട്ട് അമ്മ പോലും ഒന്ന് ഞെട്ടിയിട്ടുണ്ടാകും. ഫോൺ വെച്ച് ഞാൻ കിരണിനോട് കാര്യം പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു.
