ചേച്ചി മടി കാണിച്ചു.
“മിണ്ടാതെ ഇറങ്ങ് ചേച്ചി… ഈ പനിയും വെച്ച് ഇവിടെ ഒറ്റയ്ക്ക് കിടക്കണ്ട”
ഞാൻ നിർബന്ധിച്ച് ചേച്ചിയെ എഴുന്നേൽപ്പിച്ചു. എന്റെ നിർബന്ധത്തിന് വഴങ്ങി അവൾ എഴുന്നേറ്റു.
ഹോസ്പിറ്റലിൽ പോയാൽ അമ്മയ്ക്ക് ഫയലും കൊടുക്കാം, ചേച്ചിയെ കാണിക്കുകയും ചെയ്യാം… പിന്നെ മെയിൻ ആയിട്ട് അവിടെയുള്ള എന്റെ മന്ദാരത്തെ ഒന്ന് കാണുകയും ചെയ്യാം! ഒരുകല്ലിൽ മൂന്ന് മാങ്ങ!
ഞാൻ ചേച്ചിയെയും കൂട്ടി കാറിൽ കയറി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.
ഡ്രൈവ് ചെയ്യുമ്പോൾ എന്റെ മനസ്സ് മുഴുവൻ ഹോസ്പിറ്റലിലെ ആ വരാന്തയിലായിരുന്നു. കോട്ടും ഇട്ട് ഗൗരവത്തിൽ നടക്കുന്ന അനുവിനെ ഒന്ന് കാണാൻ എന്റെ ഉള്ളം തുടിച്ചു.
അല്പസമയത്തിനുള്ളിൽ ഞങ്ങൾ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് കാർ പാർക്ക് ചെയ്തു.
ശേഷം ഞാൻ അമ്മയെ ഫോണിൽ വിളിച്ചു.
അമ്മ ഒ.പി യിലാണെന്ന് പറഞ്ഞു. ഞാനും ചേച്ചിയും കൂടി അങ്ങോട്ട് നടന്നു.
അമ്മയുടെ ക്യാബിനിലേക്ക് ചെല്ലുമ്പോൾ അവിടെ അമ്മയുടെ ചുറ്റും കുറേ മെഡിക്കൽ സ്റ്റുഡന്റസ് നിൽപ്പുണ്ടായിരുന്നു. എല്ലാം കാണാൻ നല്ല ഒന്നിനൊന്ന്മെച്ചം. പക്ഷേ, സത്യം പറയണമല്ലോ… എന്റെ തങ്കത്തിന് ഇവരെക്കാളൊക്കെ ഏഴഴക് ഉള്ളതുകൊണ്ട് ഞാൻ അവരെ അത്ര മൈൻഡ് ചെയ്യാൻ നിന്നില്ല.
എങ്കിലും, ഞാൻ ആ ഗൗരവത്തിൽ നിൽക്കുമ്പോഴും ആ പിള്ളേർ ഇടക്കിടക്ക് എന്നെ നോക്കി എന്തൊക്കെയോ കുശുകുശുക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. മിക്കവാറും കല്യാണക്കാര്യമായിരിക്കും.
