ഞാൻ ചാടി എഴുന്നേറ്റു….
“ഏട്ടത്തി എപ്പോ വന്നു?”
ഞാൻ ജാള്യത മറക്കാൻ ചോദിച്ചു.
“ഓ നമ്മളൊക്കെ വന്നിട്ട് കുറച്ചായട ഉവ്വേ….,”
ഏട്ടത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ സമയം നോക്കി. ഉച്ചയായിരിക്കുന്നു!
എന്റെ ഉള്ളിൽ എനിക്ക് തന്നെ ഒരു പുച്ഛം തോന്നി. മെയിനായിട്ട് അനുവിനെ കാണാൻ വന്നിട്ട്, ഒരു നാണവും ഇല്ലാതെ പോത്ത് പോലെ കിടന്നുറങ്ങിയ എന്നെയൊന്ന് തല്ലാൻ എനിക്കുതന്നെ തോന്നി.
ഇനിയിപ്പോ അവളെ അന്വേഷിച്ചു പോവാൻ ടൈം ഉണ്ടോ…..
“എന്നാ നമുക്ക് പോയാലോ?”
ഡ്രിപ്പ് ഒക്കെ ഊരി ഉഷാറായ ചേച്ചി ചോദിച്ചു.
അടിപൊളി…. 😐
ഞാൻ മുഖത്തെ സങ്കടം പെട്ടെന്ന് മാറ്റി.
“ആഹ്… പോവാം.”
പിന്നീട് അവിടേ ഞങ്ങൾ നിന്നില്ലാ…അമ്മയോട് ടാറ്റാ പറഞ്ഞ് ഞങ്ങൾ മൂന്നുപേരും മുറിയിൽ നിന്നും ഇറങ്ങി. പുറത്തെ വരാന്തയിലൂടെ നടക്കുമ്പോൾ ചേച്ചി എന്റെ തോളിൽ കൈവെച്ചു.
“വാവേ… ചേച്ചിക്ക് വിശക്കുന്നുടാ…”
അവൾ വയറിൽ ഉഴിയുന്ന പോലെ കാണിച്ചു.
“രാവിലെ ഒന്നും കഴിച്ചില്ലേ…?”
“ഇല്ലടാ… ഇപ്പോ നേരം ഉച്ചയായില്ലേ നല്ല വിശപ്പ്..”
സത്യം പറഞ്ഞാൽ എനിക്കും വിശപ്പുണ്ടായിരുന്നു. ഹോസ്പിറ്റലിന്റെ കാന്റീൻ താഴെത്തന്നെയുണ്ട്. ഞങ്ങൾ അങ്ങോട്ട് നടന്നു.
കാന്റീനിലേക്ക് കയറിയ ഞാൻ ശരിക്കും ഒന്ന് അന്തം വിട്ടുപോയി!
ഇതൊരു ഹോസ്പിറ്റൽ കാന്റീനാണോ അതോ വല്ല ഫൈവ് സ്റ്റാർ ഹോട്ടലാണോ? കണ്ണാടി വാതിലുകൾ തള്ളിത്തുറന്ന് അകത്തേക്ക് കയറിയപ്പോൾ കിട്ടിയത് നല്ല കുളിർമയുള്ള എസിയുടെ കാറ്റ്. അകത്തെ അലങ്കാരങ്ങൾ കണ്ടാൽ ആരും ഒന്ന് നോക്കിനിന്നു പോകും. വലിയ റൗണ്ട് ടേബിളുകൾ, മുകളിൽ തൂങ്ങിക്കിടക്കുന്ന ഭംഗിയുള്ള ലൈറ്റുകൾ, എല്ലായിടത്തും നല്ല വൃത്തിയും വെടിപ്പും. മരുന്നിന്റെ മണത്തിന് പകരം മൂക്കിലേക്ക് അടിച്ചുകയറുന്നത് ബിരിയാണിയുടെയും നെയ്യിന്റെയും കൊതിയൂറുന്ന മണമാണ്. തിരക്കാണെങ്കിൽ പറയുകയും വേണ്ട. ഡോക്ടർമാരും സ്റ്റാഫുകളും രോഗികളുടെ കൂട്ടിരിപ്പുകാരും ഒക്കെയായി ഒരിടത്തും കാലുകുത്താൻ സ്ഥലമില്ല.
