ഇനിയിപ്പോൾ കടയിൽ പോകാതിരിക്കാനും പറ്റില്ല. അജു അവിടെ ഒറ്റയ്ക്ക് പേടിച്ച് നിൽക്കുകയാണ്. ആരുമറിയാതെ എനിക്ക് പുറത്തിറങ്ങണം… അതിന് എനിക്കൊരു കൂട്ടിനെ തപ്പണം! ഈ പാതിരാത്രിക്ക്, ഇരുട്ടിനെ പേടിയുള്ള ഞാൻ ആരെ കൂട്ടുവിളിക്കും?
എന്റെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിലൂടെ ഒരാളെ തിരയാൻ തുടങ്ങി.
അങ്ങനെ ആൾക്കൂട്ടത്തിനിടയിലൂടെ കണ്ണോടിക്കുമ്പോഴാണ് എനിക്കൊരു പിടിവള്ളി കിട്ടിയത്.
സത്യം, ഉഷാന്റിയുടെയും ദിവാകരൻ അങ്കിളിന്റെയും കൂടെ ഗേറ്റുകടന്ന് വരുന്ന ആ അവതാരത്തെ ഞാൻ കണ്ടു… നമ്മുടെ സ്വന്തം ഗിരിയേട്ടൻ!
ആരാണീ ഗിരിയേട്ടൻ എന്നല്ലേ? ഞങ്ങളുടെ നാട്ടിലെ സർട്ടിഫൈഡ് ‘മാതൃക പുരുഷോത്തമൻ’! വെറുതെ പറയുന്നതല്ല, ചേച്ചിയുടെയും ഏട്ടന്റെയുമൊക്കെ കൂടെ പഠിച്ചതാണ്. അച്ഛനും അമ്മയും രണ്ട് കോളേജുകളിലെ പ്രിൻസിപ്പൽമാർ ആയിരുന്നു ഇപ്പോൾ റിട്ടയേർഡ് ആയി . ഞങ്ങളുടെ വീടിന്റെ അപ്പുറത്ത് മൂന്നാമത്തെ വീടാണ് കക്ഷിയുടേത്. നാട്ടിലെ പാർട്ടിയിലെ മെയിൻ ആളായതുകൊണ്ട് നല്ല പിടിപാടും കാര്യങ്ങളുമൊക്കെയുണ്ട്. മിക്കവാറും ഭാവിയിൽ നാട് ഭരിക്കേണ്ട ഒരു മുതലാണെന്നാണ് സംസാരം.
ഇനി തല്ലിന്റെ കാര്യം പറയുകയാണെങ്കിൽ… തെലുങ്ക് പടത്തിലെ ബാലയ്യ ഒക്കെ മാറിനിൽക്കും! ഒരൊറ്റയടിക്ക് ആളെ പറത്തുന്ന ഉരുക്കുശരീരത്തിന്റെ ഉടമ. ചുരുക്കിപ്പറഞ്ഞാൽ നാട്ടുകാർക്ക് മുഴുവൻ പേടിയും ബഹുമാനവുമുള്ള ഒരു ഒന്നൊന്നര ഐറ്റം!
പക്ഷേ, ഈ ഇടിവീരൻ ഗിരിയേട്ടന് ഈ ഭൂമിമലയാളത്തിൽ ഒരൊറ്റ ആളെ മാത്രമേ പേടിയുള്ളൂ. അതെ… എന്റെ സ്വന്തം ചേച്ചി!
