ചേച്ചി ഒരു ദാക്ഷിണ്യവുമില്ലാതെ ഗിരിയേട്ടനെ അറിഞ്ചം പുറിഞ്ചം തല്ലും……
പുള്ളിക്കാരനാണെങ്കിൽ ഒരക്ഷരം മിണ്ടാതെ ആ തല്ല് മുഴുവൻ ഏറ്റുവാങ്ങുകയും ചെയ്യും. ഈ തല്ലും വഴക്കും ഒക്കെ കാണുമ്പോൾ തോന്നും ഭയങ്കര ശത്രുതയാണെന്ന്, പക്ഷേ സത്യം അതല്ല. അവർക്കിടയിൽ വലിയൊരു പ്രേമം ഒളിച്ചിരിപ്പുണ്ട്.
കുറച്ചുമാസം മുൻപ് നടന്ന ഒരു സംഭവമുണ്ട്.
എനിക്ക് പനിയൊക്കെ വന്ന് മാറിത്തുടങ്ങുന്ന സമയം. ഞാൻ വീട്ടിലിരുന്ന് ഗെയിം കളിക്കുകയായിരുന്നു. അപ്പൊഴാണ് ഗിരിയേട്ടന്റെ എൻട്രി. എന്നെ ഉപദേശിക്കാൻ എന്ന വ്യാജേന വന്ന്, ചേച്ചിയെ കേൾപ്പിക്കാൻ രണ്ട് ഡയലോഗും അടിച്ച് പുള്ളി എന്നെ ഫുട്ബോൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് വിളിച്ചു.
എനിക്കും പോവാൻ തോന്നി. പനി പൂർണ്ണമായി മാറാത്തതുകൊണ്ട് ചേച്ചി ഇടക്കിറങ്ങി വേണ്ടെന്ന് പറഞ്ഞെങ്കിലും ഗിരിയേട്ടൻ അവളെ തിരിച്ച് ഉപദേശിച്ച് വായടപ്പിച്ചു.
അങ്ങനെ വലിയ ഗമയിൽ എന്നെയും കൂട്ടി ഗ്രൗണ്ടിൽ പോയി.
കളി തുടങ്ങി കുറച്ചു കഴിഞ്ഞില്ല, ഏതോ ഒരു മൈരൻ ഫൗൾ വെച്ച് എന്നെ വീഴ്ത്തി. എന്റെ കാലിൽ നല്ല ഒന്നാന്തരം ഒരു മുറിവും വെച്ചു!
ചോരയുടെ ഒഴുക്ക് കണ്ടതും ഗിരിയേട്ടൻ എന്നെയും എടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് ഓടി. മുറിവൊക്കെ കെട്ടി എന്നെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും, പുള്ളി ഗേറ്റിന്റെ ഉള്ളിലേക്ക് കയറിയില്ല.
എന്നെ ഈ കോലത്തിൽ തന്റെ കൂടെ കണ്ടാൽ ചേച്ചി ആട്ടിത്തല്ലും എന്ന് ഗിരിയേട്ടന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എന്നെ ഗേറ്റിൽ ഇറക്കിവിട്ടിട്ട് കക്ഷി ഒറ്റ മുങ്ങൽ!
